സർക്കാർ സ്‌കൂളിലെ ശുചിമുറിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്
ട്രിച്ചി: തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ സർക്കാർ സ്‌കൂളിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ചയാണ് സംഭവം. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തിരുവെരുമ്പൂരിനടുത്ത് ട്രിച്ചി കാട്ടൂർ സ്‌കൂളിലെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്‌കൂൾ പ്രഥമാധ്യാപികയാണ് പൊലീസിൽ വിവരം അറിയിച്ചത്. ശുചിമുറി വൃത്തിയാക്കാനായി ജീവനക്കാരി എത്തിയപ്പോഴാണ് രക്തംപുരണ്ട നിലയിൽ നവജാത ശിശുവിനെയാണ് കണ്ടത്. ഉടൻ തന്നെ പ്രധാനധ്യാപികയെ വിവരമറിയിക്കുകയും ഇവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.സ്‌കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌കൂൾ വളപ്പിലെ ശുചിമുറിയിൽ കുഞ്ഞ് ജനിച്ചതാണോ അതോ നവജാത ശിശുവിനെ ആരെങ്കിലും സ്‌കൂൾ ടോയ്ലറ്റിൽ വലിച്ചെറിഞ്ഞതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. അതേസമയം, സ്‌കൂളിൽ മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.