രാമേശ്വരം കഫേ സ്‌ഫോടനം; സൂത്രധാരനും ബോംബ് വെച്ചയാളും അറസ്റ്റിൽ; പിടിയിലായത് കൊൽക്കത്തയിൽ നിന്ന്
മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു
ബെംഗളൂരു: കഴിഞ്ഞ മാസം ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ.സ്‌ഫോടനത്തിന്റെ സൂത്രധാരനും കഫേയില്‍ ബോംബ് വെച്ചയാളുമാണ് പിടിയിലായത്.മുസാവിർ ഹുസൈൻ ഷെസെബ്, അബ്ദുൾ മത്തീൻ താഹ എന്നിവരെ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ കാന്തിയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
ബംഗാൾ, കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്ര ഏജൻസികളും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതികൾ അറസ്റ്റിലായത്.ഇരുവരെയും അഞ്ചുദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു. കഫേയിൽ ബോംബ് സ്ഥാപിച്ച് ഷെസെബാണെന്നും താഹയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നുമാണ് പൊലീസ് പറയുന്നു. താഹക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. മുസമ്മിൽ ഷെരീഫ് എന്നയാളെയാണ് നേരത്തെ കസ്റ്റഡിയിലെടുത്തത്.
മാർച്ച് ഒന്നിന് ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ജീവനക്കാരടക്കം 10 പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് കഫേയിൽ വെച്ച് മടങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഫോട്ടോയും നേരത്തെ എൻ.ഐ.എ പുറത്ത് വിട്ടിരുന്നു.