ഹരിയാനയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് തീർഥാടകർ മരിച്ചു
പഞ്ചാബിൽ നിന്നും ചണ്ഡീഗഡിൽ നിന്നുമുള്ള 60 തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്
ഗുരുഗ്രാം: ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 11 വയസ്സുകാരി ഉൾപ്പെടെ ഒമ്പത് തീര്‍ഥാടകര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അയോധ്യ, പ്രയാഗ്‌രാജ്, വാരണാസി, മഥുര എന്നിവിടങ്ങളില്‍ ഏഴു ദിവസത്തെ തീർഥാടനം കഴിഞ്ഞ് പഞ്ചാബിലെ ഹോഷിയാർപൂർ, ലുധിയാന എന്നിവിടങ്ങളിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
പഞ്ചാബിൽ നിന്നും ചണ്ഡീഗഡിൽ നിന്നുമുള്ള 60 തീർഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. ടൗരു അതിർത്തിക്ക് സമീപത്തുവെച്ചാണ് ബസിന് തീപിടിച്ചതെന്ന് നുഹ് ഡെപ്യൂട്ടി കമ്മീഷണർ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു.പുലർച്ചെ 2.30 ഓടെ ധുലാവത് ടോൾ പ്ലാസയ്ക്ക് സമീപം ബസിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ നാല് യൂണിറ്റ് ഫയർ ട്രക്കുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മധുബനിൽ നിന്നുള്ള ഫോറൻസിക് സംഘം ഇന്ന് നൂഹിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരെല്ലാം നൽഹാറിലെ ഷഹീദ് ഹസൻ ഖാൻ മേവാതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും ഖഡ്ഗത കൂട്ടിച്ചേർത്തു. 'മുതിർന്ന ഡോക്ടർമാർ അവരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, പരിക്കേറ്റ നാല് പേരെ ഡിസ്ചാർജ് ചെയ്തു, രണ്ട് പേരെ ഡൽഹിയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു. മരിച്ച ഒമ്പത് പേരിൽ ആറ് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ശശി ശർമ, ഗൗതം ശർമ, ഖുഷി എന്ന ജോവിത, സുനിത ഭാസിൻ, ദർശൻ ലാൽ, അമർ റാണി എന്നിവരാണ് മരിച്ചത്.