'ചീറ്റിഷ് കുമാര്‍'; വഖഫ് ബില്ലിനെ പിന്തുണച്ച നിതീഷിനെ ആര്‍എസ്എസ് വേഷത്തിൽ ചിത്രീകരിച്ച് ആര്‍ജെഡി
ജെഡിയു മേധാവി ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് ആര്‍ജെഡി


പട്‍ന: വഖഫ് ദേദഗതി ബില്ലിനെ പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്‍ജെഡി രംഗത്ത്. നിതിഷീനെ 'ചീറ്റിഷ് കുമാര്‍' എന്ന് വിളിച്ച ആര്‍ജെഡി അദ്ദേഹത്തെ ആർഎസ്എസ് പ്രവർത്തകനായി ചിത്രീകരിച്ച് ഒരു സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. വഖഫ് ബില്ലിനെ അനുകൂലിച്ച് നിതീഷ് കുമാര്‍ പാര്‍ലമെന്‍റിൽ വോട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് ജെഡിയുവിലെ മൂന്ന് മുതിര്‍ന്ന നേതാക്കൾ പാര്‍ട്ടി വിട്ടിരുന്നു. മുഹമ്മദ് ഖാസിം അൻസാരി, മുഹമ്മദ് ഷാനവാസ് മാലിക്, മുഹമ്മദ് തബ്രെസ് സിദ്ദിഖി എന്നിവരാണ് രാജിവച്ചത്. ഇതിന് പിന്നാലെയാണ് ആര്‍ജെഡിയുടെ ആക്രമണം.
ആർജെഡി പങ്കിട്ട ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിൽ നിതീഷ് കുമാർ ആർഎസ്‌എസിന്‍റെ ട്രേഡ്‌മാർക്കായ വെള്ള ഷർട്ടും കാക്കി ട്രൗസറും ധരിച്ചിരിക്കുന്നതായി കാണിക്കുന്നു.'ആർഎസ്എസ് സർട്ടിഫൈഡ് മുഖ്യമന്ത്രി ചീറ്റിഷ് കുമാർ' എന്നാണ് ബിഹാർ പ്രതിപക്ഷ പാർട്ടി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ബില്ലിൽ ബിജെപിയുമായി സഹകരിച്ചതിലൂടെ ജെഡിയു മേധാവി ആർഎസ്എസിന്‍റെ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് ആര്‍ജെഡി ചൂണ്ടിക്കാട്ടുന്നു. വഖഫ് ബിൽ പാസാക്കിയത് ജെഡിയുവിലെ മുസ്‍ലിം നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ലോക്സഭയിൽ യഥാക്രമം 12 ഉം 16 ഉം എംപിമാരുള്ള ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണ വഖഫ് ബിൽ പാസാക്കുന്നതിൽ നിർണായകമായിരുന്നു.
രാജി വച്ച നേതാക്കൾ തങ്ങളുടെ അണികളിൽ പെട്ടവരല്ലെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു. നിതീഷ് ബില്ലിനെ പിന്തുണച്ചതിൽ നിരവധി മുസ്‍ലിം നേതാക്കളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഗുലാം ഗൗസും മുൻ രാജ്യസഭാ എംപി ഗുലാം റസൂൽ ബല്യാവിയും ഇതിൽ ഉൾപ്പെടുന്നു. ബിഹാറിലെ ചില മുസ്‍ലിം നേതാക്കളും വഖഫ് ബില്ലിനെതിരെ സുപ്രിം കോടതിയിൽ പോരാടുമെന്ന് അറിയിച്ചിട്ടുണ്ട്. ബിഹാറിലെ ജനസംഖ്യയുടെ ഏകദേശം 17% മുസ്‍ലിംകളാണ്, പരമ്പരാഗതമായി ജെഡിയുവിന് സമുദായത്തിന്റെ പിന്തുണയുമുണ്ട്. ഈ വർഷം നവംബറിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വഖഫ് ബില്ലിന് അനുകൂലമായ നീക്കം ജെഡിയുവിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് തള്ളിയാണ് രാജ്യസഭ വഖഫ് ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.