കേന്ദ്രസർക്കാറിനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസിനെ പിന്തുണച്ച് ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ
മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത കേന്ദ്രസർക്കാർ പരാജയമാണെന്ന് ചൂണ്ടികാണിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരുന്നതിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ധാരണയായി. പ്രമേയത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഇൻഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ അറിയിച്ചു. ഇന്ന് രാവിലെ മല്ലികാർജുൻ ഖാർഗെയുടെ ചേമ്പറിൽ വെച്ച് നടന്ന ചർച്ചയിലാണ് തീരുമാനം.
കേന്ദ്രസർക്കാർ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചകൾക്കോ കൃത്യമായ മറുപടി നൽകുന്നതിനോ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ ക്രമസമാധാന നിലയെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുന്നു. കലാപം ഇല്ലാതാക്കുന്നതിൽ കേന്ദ്രസർക്കാറിന് വീഴ്ച സംഭവിച്ചു തുടങ്ങിയ കാരണങ്ങളാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചകളാണ് പ്രതിപക്ഷ പാർട്ടികൾ നടത്തി കൊണ്ടിരിക്കുന്നത്.
എന്നാൽ എപ്പോയാണ് ഈ അവിശ്വാസ പ്രമേയം കൊണ്ടുവരിക എന്നതിൽ ഇപ്പോയും ഒരു ധാരണയായിട്ടില്ല. പാർലിമെന്റിൽ ഇന്ന് മണിപ്പൂർ വിഷയത്തിൽ വലിയ രീതിയിൽ പ്രതിപക്ഷ പ്രതിഷേധമുയർന്നിരുന്നു. ഇതിനെ തുടർന്ന് രാജ്യസഭയിലും ലോകസഭയിലും സഭാപ്രവർത്തനങ്ങൾ തടസ്സപെടുകയും ചെയ്തു.