മുംബൈ ലഹരി കേസ്; ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം
പ്രതികളുടെ ഫോണിൽ നിന്നും രാജ്യാന്തര ലഹരിമരുന്ന് ബന്ധം തെളിയിക്കാനായില്ല
ലഹരിമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ മകൻ ആര്യൻഖാന് പങ്കില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി.ആര്യൻഖാൻ മയക്കുമരുന്ന് കേസിലെ ഗൂഢാലോചനയുടെ ഭാഗമോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമോ ആണെന്നതിന് തെളിവുകളിലെന്നും എസ്. ഐ.ടി വ്യക്തമാക്കിയതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.
സമീർ വാങ്കഡയുടെ നേത്യത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ തങ്ങളുടെ അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടതായി എസ്. ഐ.ടി വെളിപ്പെടുത്തിയിട്ടുണ്ട്. ആര്യൻഖാൻ മയക്കുമരുന്ന് കൈവശം വച്ചിട്ടില്ലെന്നും അതിനാൽ അയാൾക്ക് ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നെന്നും എൻ.സി.ബി റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചാറ്റുകൾ പരിശോധിക്കേണ്ടആവശ്യമില്ല. ചാറ്റുകൾ പരിശോധിച്ചതിൽ ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് പറയുന്നു.
എൻ.സി.ബിയുടെ ക്രൂയിസ് റെയ്ഡ് വീഡിയോ റെക്കോർഡ് ചെയ്തിട്ടില്ല. എൻ.സി.ബി നിയമാവലി അനുസരിച്ച്, റെയ്ഡുകൾ വീഡിയോയിൽ റെക്കോർഡ് ചെയ്യേണ്ടതാണ്. കേസിൽ അറസ്റ്റിലായ പലരിൽ നിന്നും ഒരു തവണ മാത്രമാണ് മയക്കുമരുന്ന് കണ്ടെത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ആര്യനെതിരെ തെളിവില്ലെങ്കിലും എസ്.ഐ.ടി അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ എൻ.സി.ബി ഡയറക്ടർ ജനറൽ എസ്.എൻ പ്രധാന് സമർപ്പിക്കും.
ഒക്ടോബര്‍ മൂന്നിനായിരുന്നു നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കൊക്കയിൻ, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ ആര്യൻഖാൻ ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്നാണ് ആര്യന് ജാമ്യം ലഭിച്ചത്. ബോളിവുഡ് നടിയും ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യൻഖാന് ജാമ്യം നിന്നത്. മുതിർന്ന അഭിഭാഷകനായ മുകൾ റോത്തഗിയാണ് ആര്യൻ ഖാന് വേണ്ടി ഹാജരായത്.