ഏക സിവിൽ കോഡ് ഇസ്‌ലാമിക വിരുദ്ധമല്ല; പിന്തുടരുന്നതിൽ പ്രശ്‌നമില്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്
ബുധനാഴ്ചയാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്.
ഡെറാഡൂൺ: ഏക സിവിൽ കോഡ് ഇസ്‌ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്. വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, പാരമ്പര്യ സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന നിയമം പിന്തുടരുന്നതിൽ ഇസ്‌ലാമികമായി യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ പാസാക്കിയതിന് പിന്നാലെയാണ് വഖഫ് ബോർഡ് ചെയർമാന്റെ പ്രതികരണം.
''രാജ്യം മുഴുവൻ ഈ നിയമം അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഇസ്‌ലാമിക വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന ഒന്നും ബില്ലിലില്ല. ഒരു യഥാർഥ മുസ്‌ലിം എന്ന നിലയിൽ, ഖുർആന്റെ വെളിച്ചത്തിൽ ഞാൻ പറയട്ടെ, ഈ നിയമം പിന്തുടരുന്നതിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇതിനെ എതിർക്കുന്നവർ യഥാർഥ മുസ്‌ലിമല്ല. കോൺഗ്രസും സമാജ് വാദി പാർട്ടിയുമായി ബന്ധമുള്ള രാഷ്ട്രീയ മുസ്‌ലിംകളാണ് ഈ നിയമത്തിനെതിരെ പറയുന്നത്''-എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷദാബ് ഷംസ് പറഞ്ഞു.
ബുധനാഴ്ചയാണ് ഏക സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. കരട് നിയമത്തിൽ വിശദമായ ചർച്ചയും പഠനവും നടന്നിട്ടില്ലെന്നും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ തള്ളുകയായിരുന്നു.