സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാവാതെ ബൈജൂസ്; ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളവുമില്ല

കടം വാങ്ങിയിട്ടാണെങ്കിലും ശമ്പളം ഉടനടി നൽകുമെന്ന് ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ അദ്ദേഹം പറഞ്ഞു

Update: 2024-08-21 04:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറാനാവാതെ വലയുകയാണ് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസ്. സ്ഥാപനത്തിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി നിയമപരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും എത്രയും പെട്ടെന്ന് ശമ്പളം നല്‍കുമെന്ന് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ ചൊവ്വാഴ്ച അറിയിച്ചു.

കടം വാങ്ങിയിട്ടാണെങ്കിലും ശമ്പളം ഉടനടി നൽകുമെന്ന് ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ അദ്ദേഹം പറഞ്ഞു. ഈയിടെ ബിസിസിഐ നല്‍കിയ പരാതിയില്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍‌ സ്വീകരിക്കാന്‍ അനുമതി നല്‍കിയത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. “ഞങ്ങൾ കേസ് തീർപ്പാക്കി, എൻസിഎൽടി ഞങ്ങൾക്ക് അനുകൂലമായി വിധിച്ചതിന് ശേഷം ഞങ്ങളുടെ സാമ്പത്തിക നിയന്ത്രണം വീണ്ടെടുക്കാനുള്ള വക്കിലായിരുന്നു,” ബൈജു വ്യക്തമാക്കി. ''കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഞങ്ങൾക്കെതിരെ നിരവധി കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട് - ഞങ്ങൾ ഒളിച്ചോടിയവരാണെന്ന ദോഷകരമായ ആരോപണങ്ങൾ ഉൾപ്പെടെ," അദ്ദേഹം കുറിച്ചു.

താന്‍ സുതാര്യതയോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും നിയമപരമോ സാമ്പത്തികമോ ആയ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും ബൈജു വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ജീവനക്കാര്‍ക്ക് 3,976 കോടി രൂപയിൽ, 1,600 കോടി രൂപ റിജു (രവീന്ദ്രൻ) വ്യക്തിപരമായി നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വർഷം മുമ്പ് ആരംഭിച്ച നെഗറ്റീവായ ബിസിനസ് സൈക്കിൾ തിരിച്ചുപിടിക്കുന്നതിൻ്റെ വക്കിലാണ് കമ്പനി, വീണ്ടെടുക്കലിൻ്റെ വ്യക്തമായ സൂചനകൾ കാണിക്കുന്നതായും ബൈജു പറഞ്ഞു.

സി.ഇ.ഒ അർജുൻ മോഹൻ രാജിവച്ചതിനെത്തുടർന്ന് ബൈജു രവീന്ദ്രന്‍ ബൈജൂസിന്‍റെ തലപ്പത്തേക്ക് മടങ്ങിയെത്തിയിരുന്നു. ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News