"പ്രധാനമന്ത്രി പോര; നല്ലത് ഗതാഗതമന്ത്രി"; നിതിൻ ഗഡ്കരിയെ പ്രശംസിച്ച് ഹിമാചൽ കോൺഗ്രസ്
പ്രധാനമന്ത്രിക്ക് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണനയെന്നും കോൺഗ്രസ്
ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പ്രശംസിച്ചും ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങ്. ഹിമാചലിലുണ്ടായ പ്രളയദുരിതത്തിൽ സഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു മോദിയുടെ മറുപടി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിനെ പ്രധാനമന്ത്രി പരിപൂർണമായി തഴയുകയായിരുന്നെന്ന് പ്രതിഭ പറയുന്നു. തുടർന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ സമീപിക്കുകായായിരുന്നു.
പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ കേന്ദ്രമന്ത്രി സംസ്ഥാനത്തെ ദേശീയപാതയുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ചതായി പ്രതിഭ പറഞ്ഞു.
ഹിമാചൽ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെയായിരുന്നു മഴക്കാലത്ത് നേരിട്ടത്. കേന്ദ്രം ഒരു സാമ്പത്തിക സഹായവും നൽകിയില്ല. സംസ്ഥാന സർക്കാരാണ് ദുരിതബാധിതർക്കായി 4500 കോടി രൂപയുടെ പാക്കേജ് സ്വയം പ്രഖ്യാപിച്ചത് ഇത് തങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ ഉന്നയിക്കുമെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
ദുരിതത്തിന്റെ വ്യാപ്തി മനസിലാക്കി പ്രധാനമന്ത്രി എന്തെങ്കിലും പ്രഖ്യാപനങ്ങൾ നടത്തുമെന്ന് വിശ്വസിച്ചെങ്കിലും അദേഹം സംസ്ഥാനത്തെ അവഗണിക്കുകയായിരുന്നുവെന്നും പ്രതിഭ കൂട്ടിച്ചേർത്തു.