ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമ്മിച്ചതിനെ അപലപിച്ചു: മണിശങ്കർ അയ്യരുടെ മകളോട് വീടൊഴിയാൻ ആവശ്യപ്പെട്ട് റെസിഡന്റ്സ് അസോസിയേഷൻ
മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യരുടെ മകളായ സുരണ്യ അയ്യർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ മൂന്ന് ദിവസം ഉപവസിച്ചിരുന്നു
ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിർമ്മിച്ചതിനെ അപലപിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകളോട് വീടൊഴിയാൻ ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷൻ .
ഡൽഹിയിലെ ജംഗ്പുര റസിഡൻ്റ് വെൽഫെയർ അസോസിയേഷനാണ് മണിശങ്കർ അയ്യരുടെ മകളായ സുരണ്യ അയ്യരോട് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ താമസിക്കുന്ന വീടുമായോ കോളനിയുമായോ ജംഗ്പുര റസിഡൻ്റ് വെൽഫെയർ അസോസിയേഷന് യാതൊരു ബന്ധവുമില്ലെന്ന് സുരണ്യ വ്യക്തമാക്കി.
ഹിന്ദുമതത്തിൻ്റെയും ദേശീയതയുടെയും പേര് പറഞ്ഞ് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും മുസ്‍ലിം പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ നിലപാടെടുത്ത സുരണ്യ അയ്യർ മൂന്ന് ദിവസം ഉപവാസം അനുഷ്ഠിച്ച് പ്രതിഷേധിച്ചിരുന്നു. ജനുവരി 20 മുതൽ 23 വരെ ഉപവാസം അനുഷ്ഠിക്കുന്ന വിവരം സുരണ്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
രാമക്ഷേത്രത്തിനെതിരായ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അത്തരം നിലപാടുകൾ ഉള്ളവർ താമസിക്കുന്ന ഇടത്തേക്ക് മാറണമെന്നായിരുന്നു റെസിഡൻസ് അസോസിയേഷൻ സുരണ്യയോട് ആവശ്യപ്പെട്ടത്. ‘അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയ്‌ക്കെതിരെ നിലകൊള്ളുകയാണെങ്കിൽ, അത്തരം ചിന്താഗതിയുള്ളവർ താമസിക്കുന്ന ഇടത്തേക്ക് മാറണം. അവിടെയുള്ളവർക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ നിങ്ങൾ ഉന്നയിക്കുന്ന വാദങ്ങളോട് കണ്ണടയ്ക്കാൻ കഴിയുമെന്നും അസോസിയഷൻ സുരണ്യക്ക് നൽകിയ കത്തിൽ പറയുന്നു.
പ്രതിഷേധങ്ങളും നടപടികളുമായി ഇറങ്ങുന്നതിന് മുമ്പ് താൻ പറഞ്ഞ മുഴുവൻ വീഡിയോയും കാണണമെന്ന് സുരണ്യ പ്രതികരിച്ചു.സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് അപ്പുറം കൂടുതലൊന്നും പറയാനില്ലെന്നും അവർ ഇന്ത്യാ ടുഡെയോട് പറഞ്ഞു.
സുരണ്യ അയ്യരുടെ പ്രവർത്തനങ്ങളും പ്രസ്താവനകളും സമൂഹത്തിലെ സമാധാനവും സൗഹാർദ്ദവും തകർക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നും പറഞ്ഞ് ചിലർ തങ്ങളെ സമീപിച്ചതായി അസോസിയേഷൻ കത്തിൽ അവകാശപ്പെട്ടു. മകളുടെ പ്രവൃത്തിയെ അപലപിച്ച് രംഗത്ത് വരണമെന്ന് മണിശങ്കർ അയ്യരോടും അസോസിയേഷൻ ആവശ്യപ്പെട്ടു.