മുസ്‌ലിംകളുടെ ഒബിസി സംവരണം ലിംഗായത്തുകൾക്കും വൊക്കലിംഗകൾക്കും നൽകി; കർണാടകയിൽ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

മുസ്‌ലിംകളെ 10 ശതമാനം വരുന്ന ഇഡബ്ല്യുഎസ് ക്വാട്ടയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2023-03-28 12:12 GMT

Basavaraj Bommai

Advertising

ബംഗളൂരു: മുസ്‌ലിംകളുടെ നാല് ശതമാനം ഒബിസി സംവരണം ഒഴിവാക്കി കർണാടകയിലെ ബിജെപി സർക്കാർ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒബിസി ക്വാട്ടയിൽനിന്ന് മുസ്‌ലിംകളുടെ സംവരണം ഒഴിവാക്കിയത്. സംസ്ഥാനത്ത് പ്രബലരായ വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങൾക്കാണ് ഈ സംവരണം ലഭിക്കുക. മുസ്‌ലിംകൾക്കുള്ള ഒബിസി സംവരണം റദ്ദാക്കാൻ വെള്ളിയാഴ്ച ചേർന്ന കർണാടക മന്ത്രിസഭയാണ് തീരുമാനിച്ചത്.

കാറ്റഗറി 2 ബിയിൽ വരുന്ന മുസ്‌ലിംകളെ 10 ശതമാനം വരുന്ന ഇഡബ്ല്യുഎസ് ക്വാട്ടയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബാക്കിവരുന്ന നാലു ശതമാനത്തിൽ നിന്ന് വൊക്കലിംഗകൾക്കും ലിംഗായത്തുകൾക്കും രണ്ട് ശതമാനം വീതം അധിക സംവരണം ലഭിക്കും. ഒബിസി പൂളിൽ നിലവിൽ വൊക്കലിംഗകൾക്ക് 4 ശതമാനവും ലിംഗായത്തുകൾക്ക് 5 ശതമാനവുമാണ് സംവരണമുള്ളത്. പുതിയ തീരുമാനത്തോടെ വൊക്കലിംഗകൾക്ക് 6 ശതമാനവും ലിംഗായത്തുകൾക്ക് 7 ശതമാനവും സംവരണം 2(സി), 2(ഡി) എന്നീ വിഭാഗങ്ങളിലായി ലഭിക്കും. നേരത്തെ അവർ 3 എ, 3 ബി വിഭാഗങ്ങൾക്ക് കീഴിലായിരുന്നു.

പുതിയ തീരുമാനത്തോടെ തങ്ങളുടെ ക്വാട്ടയിൽ വർദ്ധനവ് ആഗ്രഹിക്കുന്ന ഇരു സമുദായങ്ങളെയും സമാധാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സർക്കാർ. ലിംഗായത്തുകളിലെ കൂടുതലുള്ള ഉപവിഭാഗമായ പഞ്ചമസാലികളിൽ നിന്ന് സർക്കാർ ഏറെ സമ്മർദ്ദം നേരിട്ടിരുന്നു.

''ഭരണഘടന പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകാൻ വ്യവസ്ഥയില്ല. ഒരു സംസ്ഥാനത്തും ഇല്ല. ആന്ധ്രാപ്രദേശിൽ മതന്യൂനപക്ഷങ്ങൾക്കുള്ള സംവരണം കോടതി റദ്ദാക്കിയിരുന്നു. ബിആർ അംബേദ്കർ പോലും ജാതികൾക്കാണ് സംവരണം നൽകുകയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്' കർണാടക മുഖ്യമന്ത്രി ബൊമ്മൈ മുസ്‌ലിം റിസർവേഷൻ മാറ്റിയ നടപടിയെ ന്യായീകരിച്ചു. മതന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകുന്നത് ഭാവിയിൽ ആരെങ്കിലും വെല്ലുവിളിച്ചേക്കാമെന്നും അതിനാലാണ് സർക്കാർ തീരുമാനമെടുത്തതെന്നും ബൊമ്മൈ അവകാശപ്പെട്ടു.

എസ്സി, എസ്ടി അല്ലെങ്കിൽ ഒബിസി അല്ലാത്ത എല്ലാ സമുദായങ്ങളിലെയും ദരിദ്രർ ഇഡബ്ല്യുഎസ് ക്വാട്ടയ്ക്ക് കീഴിൽ യോഗ്യതയുണ്ടാകുമെന്ന് ബൊമ്മൈ വ്യക്തമാക്കി. ഇഡബ്ല്യുഎസ് ക്വാട്ട നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ട പ്രകാരം ബ്രാഹ്മണർ, ജൈനർ, ആര്യ വൈശ്യർ, നാഗർഥർ, മുതലിയാർ എന്നിവർക്കൊപ്പം മുസ്‌ലിംകൾക്കും പ്രയോജനം ലഭിക്കുമെന്നും തീരുമാനത്തെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിയാൽ മുസ്‌ലിംകൾ ഇപ്പോൾ 10 ശതമാനം സംവരണത്തിന്റെ വലിയ പൂളിലാണ് എത്തിയിരിക്കുന്നതെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. ചില മുസ്ലീങ്ങൾ കാറ്റഗറി 1, കാറ്റഗറി 2 എ എന്നിവയ്ക്ക് കീഴിലാണെന്നും അദ്ദേഹം പറഞ്ഞു.

OBC reservation of Muslims was given to Lingayats and Vokkaliga, BJP is gearing up for elections in Karnataka

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News