"എന്‍റെ മണ്ണിനായി..": ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത് ഒഡിഷയിലെ കോൺഗ്രസ് എം.എല്‍.എ
പാർട്ടി നിലപാടിന് വിരുദ്ധമായാണ് എം.എല്‍.എ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തത്
ഭുവനേശ്വര്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത് ഒഡിഷയിലെ കോൺഗ്രസ് എം.എൽ.എ മുഹമ്മദ് മൊഖിം. പാർട്ടി നിലപാടിന് വിരുദ്ധമായാണ് എം.എല്‍.എ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തത്.
"ഇതെന്‍റെ വ്യക്തിപരമായ തീരുമാനമാണ്. ഞാനെന്‍റെ ഹൃദയം പറഞ്ഞത് കേട്ടു. എന്‍റെ മണ്ണിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ഹൃദയം പറഞ്ഞത്. അതിനാലാണ് ദ്രൗപതി മുർമുവിന് വോട്ട് ചെയ്തത്"- എം.എല്‍.എ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എം.പിമാരും എം.എൽ.എമാരുമാണ് വോട്ടർമാര്‍. പാർട്ടികൾക്ക് നിർബന്ധിത വിപ്പ് നൽകാൻ കഴിയില്ല. അതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വൈകിട്ട് അഞ്ചു വരെ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
സന്താൽ ഗോത്രത്തിൽപ്പെട്ട നേതാവാണ് ദ്രൗപതി മുർമു. രാജ്യത്ത് ആദ്യമായി രാഷ്ട്രപതിയാകുന്ന ഗോത്രവനിത എന്ന നിലയിലാണ് എന്‍.ഡി.എ ദ്രൗപതി മുർമുവിനെ പരിചയപ്പെടുത്തിയത്. പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിൻഹയാണ്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജെ.എം.എം, ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദള്‍, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷത്തുള്ള ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനകം ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജാർഖണ്ഡ് ഗവർണറായിരുന്ന ദ്രൗപതി മുർമുവിന്‍റെ വിജയം ഇതിനകം ഉറപ്പാണ്.
കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ, താൻ ഒരിക്കൽ അവരുടെ പാർട്ടിയിലായിരുന്നുവെന്ന് ബി.ജെ.പി എം.പിമാരെയും എം.എൽ.എമാരെയും ഓർമിപ്പിച്ചു. വിപ്പ് ഇല്ലാത്ത തെരഞ്ഞെടുപ്പായതിനാല്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സ്വന്തം തീരുമാന പ്രകാരം വോട്ട് രേഖപ്പെടുത്താം. രണ്ട് വ്യക്തികൾ തമ്മിലുള്ളതല്ല, രണ്ട് ആശയങ്ങൾ തമ്മിലുള്ള തെരഞ്ഞെടുപ്പാണിതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ഭരണഘടനയെയും മൂല്യങ്ങളെയും സംരക്ഷിക്കാൻ താൻ എല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണല്‍. ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കും.