യു.പിയിൽ കുടിവെള്ളത്തിനായി നദിയിൽ ഇറങ്ങിയ വയോധികൻ ചെളിയിൽ കുടുങ്ങി
ഹാൻഡ് പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ഉപ്പ് രസമുള്ളതിനാലാണ് കുടിവെള്ളം ശേഖരിക്കാൻ കുടവുമായി നദിയിൽ ഇറങ്ങിയത്.
ലഖ്നൗ: കുടിവെള്ളത്തിനായി നദിയിൽ ഇറങ്ങിയ വയോധികൻ ചെളിയിൽ കുടുങ്ങി. ഉത്തർപ്രദേശിലെ ഹാമിർപുരിലാണ് സംഭവം. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇദ്ദേഹത്തെ കരകയറ്റാനായത്. ചോട്ടെലാൽ എന്ന വയോധികനാണ് ചെളിക്കുള്ളിലായത്.
കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഹാമിർപുരിലെ കെൻ നദിയിലാണ് ചോട്ടെലാൽ കുടുങ്ങിയത്. ഹാൻഡ് പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ഉപ്പ് രസമുള്ളതിനാലാണ് കുടിവെള്ളം ശേഖരിക്കാൻ കുടവുമായി നദിയിൽ ഇറങ്ങിയത്. വെള്ളം ശേഖരിച്ചു മടങ്ങുന്നതിനിടയിൽ മഴയ്ക്ക് ശേഷം അടിഞ്ഞ ചെളിയിൽ അകപ്പെടുകയായിരുന്നു.
ശരീരത്തിന്റെ പാതിയും ചെളിയിലേക്കു താഴ്ന്നതോടെ ചോട്ടെലാൽ അലറി വിളിച്ചു. വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് എത്തിയ നിരവധി പേർ, കരച്ചിൽ കേട്ട് ഓടിയെത്തി. വടി നീട്ടി നൽകി പതുക്കെ കരയിലേക്കു എത്തിച്ചു.
രക്ഷപെടുത്തിയവർക്കു നന്ദി പറയുന്നതിനിടയിലും ശുദ്ധജല ക്ഷാമത്തെ കുറിച്ചാണ് ചോട്ടെലാൽ പങ്കുവച്ചത്. ഹാൻഡ് പൈപ്പിൽ വെള്ളം ഉപ്പ് രസമുള്ളതാണ്. അതുകൊണ്ടാണ് നദിയിൽ വെള്ളം ശേഖരിക്കാൻ പോയതെന്ന് അദ്ദേഹം പ്രതികരിച്ചു.
നമാമി ഗംഗാ ദൗത്യവുമായി ബന്ധപ്പെട്ട് സംസ്ഥാന ജലശക്തി മന്ത്രി സ്വതന്ത്രദേവ് സിങ് ഹാമിർപൂർ സന്ദർശിച്ച് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മന്ത്രിയുടെ വാഗ്ദാനം ഒരു വർഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല. സിസോളാർ, മൗധ പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.