ജോഷിമഠിൽ കുറച്ച് വീടുകളേ തകർന്നിട്ടുള്ളൂ, വെറുതെ ഭീതി പരത്തരുത്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഈ പ്രശ്നവും മറികടക്കാൻ സഹായിക്കണമെന്ന് താൻ ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡെറാഡൂൺ: ഭൂമി വിണ്ടുകീറി വീടുകളും കെട്ടിടങ്ങളും തകർന്നുവീഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ദുരന്തത്തെ ലഘൂകരിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. 25 ശതമാനം വീടുകൾ മാത്രമാണ് തകർന്നിട്ടുള്ളതെന്നും വെറുതെ ഭീതി പരത്തരുതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.
ഏതാനും ദിവസങ്ങൾക്കുള്ളിൽ 723 വീടുകൾ തകരുകയും 20,000ലേറെ ആളുകൾ വീടുവിട്ട് സുരക്ഷിത സ്ഥാനങ്ങൾ തേടുകയും ചെയ്തിരിക്കെയാണ് ദുരന്തത്തെ നിസാരമാക്കി ബി.ജെ.പി മുഖ്യമന്ത്രി രംഗത്തുവന്നത്.
'25 ശതമാനം കെട്ടിടങ്ങളും വീടുകളും മാത്രമാണ് തകർന്നിട്ടുള്ളത്. ആളുകൾ വെറുതെ ഭീതി പരത്തരുത്. തീർഥാടകരെ സ്വീകരിക്കാൻ സംസ്ഥാനം തയാറായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ബദ്‍രീനാഥ യാത്ര തുടങ്ങാൻ പോവുകയാണ്. എന്നാൽ, ഉത്തരാഖണ്ഡിൽ വലിയ പ്രശ്നങ്ങളാണുള്ളതെന്നും ടൗൺ പൂർണമായും മുങ്ങിപ്പോവുകയാണെന്നുമുള്ള ധ്വനിയാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ആരും പ്രചരിപ്പിക്കരുത്. ഉത്തരാഖണ്ഡിൽ ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളതാണ്. എന്നാൽ അതിനോട് നാം പോരാടുകയും മറികടക്കുകയും ചെയ്യാറാണ് പതിവ്. ഈ പ്രശ്നവും മറികടക്കാൻ സഹായിക്കണമെന്ന് താൻ ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസത്തിനയി 1.5 ലക്ഷം രൂപ ഇന്ന് തന്നെ വിതരണം ചെയ്യുമെന്നും കൂടാതെ ടൗണുകളിൽ സർവേ നടത്തി അവിടെ എത്ര ഭാരം താങ്ങാനാകുമെന്ന് പഠിക്കുകയും അതിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബദരീനാഥ് അടക്കമുള്ള പ്രശസ്ത തീർഥടന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമായ ജോഷിമഠിലെ കെട്ടിടങ്ങളിലും റോഡുകളിലും വിള്ളലുകൾ ഉണ്ടാവുന്നതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. ഭൂമി ഇടിഞ്ഞുതാഴ്‌ന്ന് വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്ന ജോഷിമഠിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
നഷ്ടപരിഹാരം കൃത്യമായി പ്രഖ്യാപിക്കാതെ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ആദ്യം പൊളിച്ചുകളയാൻ സർക്കാർ തീരുമാനം എടുത്ത രണ്ട് ഹോട്ടലുകൾക്ക് മുന്നിൽ ആളുകൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എതിർപ്പ് മൂലം ബുധനാഴ്‌ചയും പൊളിച്ചുനീക്കൽ സാധ്യമായില്ല.
പ്രതിഷേധം കടുത്തതോടെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മറ്റ് പരിപാടികൾ റദ്ദാക്കി ബുധനാഴ്‌ച രാത്രിയോടെ ജോഷിമഠിലെത്തിയിരുന്നു. മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഇടക്കാല സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ സുരക്ഷയ്‌ക്കാണ് പ്രാമുഖ്യമെന്നും പറഞ്ഞു. എന്നാൽ, പൊളിച്ചുനീക്കുന്ന കടകളുടെയും ഹോട്ടലുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ജോഷിമഠിനും കർണപ്രയാഗിനും പുറമെ ഉത്തരാഖണ്ഡിലെ മറ്റ് നിരവധി പ്രദേശങ്ങളിലും ഭൂമി ഇടിഞ്ഞുതാഴലും കെട്ടിടങ്ങൾക്ക് വിള്ളലും സംഭവിക്കുന്നതായാണ് റിപ്പോർട്ട്. പൗഡി, ബാഗേശ്വർ, ഉത്തരകാശി, തെഹ്‌രി ഗഡ്‌വാൾ, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് കെട്ടിടങ്ങൾ അപകടനിലയിലായിട്ടുള്ളത്. ഏറെ നാളായി അധികൃതരോട് പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.