പ്രായപൂർത്തിയാവാത്ത സഹോദരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; രക്ഷാബന്ധൻ ദിനത്തിൽ സഹോദരന് 20 വർഷം തടവ്

ഒരു വർഷത്തിലേറെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ഇത് ആരോടും പറയരുതെന്നും അങ്ങനെ ചെയ്താൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

Update: 2023-08-31 09:37 GMT
Advertising

കട്ടക്: 14കാരിയായ സഹോദരിയെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ സഹോദരന് രക്ഷാ​ബന്ധൻ ദിനത്തിൽ ശിക്ഷ വിധിച്ച് കോടതി. ഒഡീഷ ഹൈക്കോടതി പ്രതിയെ 20 വർഷം തടവിന് ശിക്ഷിച്ചു. ഒഡീഷയിലെ മൽക്കൻഗിരി സ്വദേശിയായ പ്രതിയെയാണ് കോടതി ശിക്ഷിച്ചത്.

വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ഹൈക്കോടതിയുടെ വിധി. പ്രതിയുടെ അപ്പീൽ തള്ളിയ ജസ്റ്റിസ് എസ് കെ സാഹു 40,000 രൂപ പിഴയും ചുമത്തി. ഇതിൽ വീഴ്ച വരുത്തിയാൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

'സഹോദരൻ സഹോദരിയെ സംരക്ഷിക്കാൻ മാത്രമല്ല, തന്റെ അവസാന ശ്വാസം വരെ അവളെ പോറ്റിവളർത്തുമെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു ശുഭദിനത്തിൽ ഈ കേസ് കേൾക്കുന്നതും വിധി പ്രസ്താവിക്കുന്നതും ഞെട്ടിപ്പിക്കുന്നതും വിരോധാഭാസവുമാണ്'- ജസ്റ്റിസ് സാഹു നിരീക്ഷിച്ചു.

ഇരയുടെ മൂത്ത സഹോദരനാണ് പ്രതി. 2018 മെയ് മുതൽ 2019 മെയ് വരെ തന്റെ അനുജത്തിയെ ആവർത്തിച്ച് ബലാത്സംഗം ചെയ്തതിന് മൽക്കൻഗിരി പ്രത്യേക ജഡ്ജിയുടെ കോടതി ഇയാളെ നേരത്തെ ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

സംഭവം മറ്റുള്ളവരോട് പറയരുതെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തിയതിന് 2020 ജനുവരിയിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. ഒരു വർഷത്തിലേറെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ഇത് ആരോടും വെളിപ്പെടുത്തരുതെന്നും അങ്ങനെ ചെയ്താൽ കൊല്ലുമെന്നുമായിരുന്നു ഭീഷണിപ്പെടുത്തിയത്.

പേടി മൂലം, പെൺകുട്ടി ആരോടും വിവരം പറഞ്ഞില്ല. എന്നാൽ ആർത്തവം നിലച്ചപ്പോൾ ഇക്കാര്യം പെൺകുട്ടി കൂട്ടുകാരിയോട് പറഞ്ഞു. ഇതോടെ സുഹൃത്ത് അവളെയും കൂട്ടി അം​ഗൻവാടിയിലേക്ക് പോവുകയും പിന്നീട് നടത്തിയ പരിശോധനയിൽ ​ഗർഭിണിയാണെന്ന് മനസിലാവുകയായിരുന്നു.

തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് മൽക്കൻഗിരി സി.ഡി.പി.ഒ ഉൾപ്പെടെയുള്ളവർ പെൺകുട്ടിയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി പ്രദേശത്തെ സ്വധാർഹോമിൽ പാർപ്പിച്ചു. തുടർന്ന് മൽക്കൻഗിരി മോഡൽ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ഐപിസി സെക്ഷൻ 376 (3), 376 (2) (എൻ), 506 എന്നീ വകുപ്പുകൾ പ്രകാരവും പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News