ഹരിയാനയിലെ കോൺഗ്രസ്​ ​പ്രവർത്തകയുടെ കൊലപാതകം: ഒരാൾ പിടിയിൽ

കഴിഞ്ഞദിവസമാണ്​ ഉപേക്ഷിച്ച സ്യൂട്ട്​കേസിൽ മൃതദേഹം കണ്ടെത്തിയത്​

Update: 2025-03-03 05:54 GMT
Himani Narwal
AddThis Website Tools
Advertising

ഛണ്ഡീഗഢ്​: കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഹരിയാന പൊലീസ് തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ചയാണ്​ റോഹ്തക്കിൽ സ്യൂട്ട്കേസിലാക്കിയ നിലയിൽ നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്​. കേസ്​ അന്വേഷിക്കാൻ ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ട്​. ഒരാളെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്​കരിക്കില്ലെന്ന്​ നർവാളിന്റെ കുടുംബം അറിയിച്ചിരുന്നു​. നർവാളി​െൻറ വളർച്ചയിൽ പാർട്ടിയിലെ പലർക്കും അസൂയയുണ്ടായിരുന്നുവെന്ന്​ മാതാവ്​ സവിത ആരോപിച്ചു. ‘അവരുടെ ഉയർച്ചയിൽ അസൂയ തോന്നിയ പാർട്ടിയിലെ ആരെങ്കിലുമാകാം, അല്ലെങ്കിൽ മറ്റാരെങ്കിലുമാകാം’ -സവിത മാ​ധ്യമപ്രവർത്തകരോട്​ പറഞ്ഞു. ‘അവസാനമായി ഞാൻ അവളോട് സംസാരിച്ചത് ഫെബ്രുവരി 27നാണ്. അടുത്ത ദിവസം ഒരു പാർട്ടി പരിപാടിയുമായി തിരക്കിലായിരിക്കുമെന്ന് അവൾ പറഞ്ഞിരുന്നു. പക്ഷേ, പിന്നീട് അവളുടെ ഫോൺ സ്വിച്ച് ഓഫായി. എന്റെ മകൾക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ മൃതദേഹം സംസ്​കരിക്കില്ല’ -സവിത കൂട്ടിച്ചേർത്തു.

22-കാരിയായ ഹിമാനി നർവാളി​െൻറ മൃതദേഹം റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്താണ്​ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാൻഡില്‍നിന്ന് 200 മീറ്റര്‍ അകലെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സോനിപത്തിലെ റിന്ധാന സ്വദേശിയായ ഹിമാനി റോഹ്തക്കിലാണ് താമസിച്ചിരുന്നത്. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിലെത്തിയപ്പോൾ ഹിമാനി സജീവമായി പങ്കെടുത്തിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News