ത്രിപുരയിൽ ഇന്ന് സംയുക്തറാലി; അക്രമ രാഷ്ട്രീയം ആയുധമാക്കി പ്രതിപക്ഷം

കോൺഗ്രസും സിപിഎമ്മും സീറ്റ് ധാരണയിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് റാലി

Update: 2023-01-21 00:49 GMT
Advertising

പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ത്രിപുരയിൽ ഇന്ന് സംയുക്ത റാലി സംഘടിപ്പിക്കും. കോൺഗ്രസും സിപിഎമ്മും സീറ്റ് ധാരണയിലേക്കു എത്തുന്നതിന്റെ ഭാഗമായാണ് റാലി. പ്രാദേശിക പാർട്ടിയായ ടിപ്ര മോതയുമായി കൂടി സീറ്റ് ധാരണയിലെത്തിയ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മതിയെന്നാണ്‌ സിപിഎമ്മിലെയും കോൺഗ്രസിലേയും ധാരണ.

അഞ്ചു വർഷം മുമ്പ് മുഖാമുഖം മത്സരിച്ചിരുന്ന സിപിഎമ്മും കോൺഗ്രസുമാണ് തിപുരയിൽ കൈകോർക്കുന്നത് . പ്രഖ്യാപിത രാഷ്ട്രീയ സഖ്യമില്ലെങ്കിലും സീറ്റ് ധാരണയിലൂടെ ബിജെപിയെ ഒരുമിച്ചു എതിർക്കാനാണ് പരിപാടി. പ്രതിപക്ഷ ഐക്യം എന്ന ആശയം അണികളിലേക്കു എത്തിക്കാനാണ് ഇന്ന് അഗർത്തലയിൽ സംയുക്ത റാലി.ഒരുപാർട്ടിയുടെയും കൊടിപിടിക്കാതെ ദേശീയ പതാക ഏന്തിയുള്ള റാലിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.മുൻ കോൺഗ്രസ് അധ്യക്ഷൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ രൂപീകരിച്ച ടിപ്ര മോത പാർട്ടിയെ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാക്കാനാണ് സിപിഎമ്മും കോൺഗ്രസും ലക്ഷ്യമിടുന്നത് . 20 സീറ്റുകളിൽ ഇതിനകം സ്വാധീനം നേടിയ ടിപ്ര മോത, കൂട്ടായ്മയുടെ ഭാഗമാകാൻ പച്ചക്കൊടി കാട്ടിയിട്ടില്ല. എൻ ഡി എ യിലെ ഘടക കക്ഷിയായ ഐപിഎഫ്ടി യിൽ നിന്നും നാല് എംഎൽഎ മാർ ടിപ്ര മോതയിൽ ഇതിനകം ചേർന്നു കഴിഞ്ഞു.

തലമുറകളായി ത്രിപുരയിൽ ജീവിക്കുന്നവരുടെ പ്രതിനിധികളായിട്ടാണ് പുതിയ പാർട്ടി സ്വയം ഉയർത്തിക്കാട്ടുന്നത്. സ്വന്തമായി സംസ്ഥാനം എന്ന ആശയത്തിന് പിന്തുണ നൽകുന്നവർക്ക് സഹായം എന്നതാണ് പാർട്ടിലൈൻ. ഈ ആവശ്യത്തോട് കോൺഗ്രസും സിപിഎമ്മും മനസ് തുറന്നിട്ടില്ല . ടി പ്ര മോത, ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിനാൽ വിശാല പ്രതിപക്ഷത്തിന്റെ ഭാഗമാകണമെന്നാണ് ഇരുപാർട്ടികളും ആവർത്തിച്ചു ആവശ്യപ്പെടുന്നത്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News