ഉത്തരവു ജയിലിലെത്താൻ വൈകി; ആര്യൻ ഇന്നു പുറത്തിറങ്ങില്ല
ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യൻ ഖാനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാൻ വിചാരണക്കോടതി ഉത്തരവിറക്കിയത്
ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഇന്നു പുറത്തിറങ്ങാനായില്ല. നാളെ ആര്യൻ ജയിൽ മോചിതനായേക്കുമെന്നാണ് റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിടുതൽ ഉത്തരവു ജയിലിലെത്തിക്കാൻ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യൻ ഖാനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാൻ വിചാരണക്കോടതി ഉത്തരവിറക്കിയത്.
ജാമ്യവ്യവസ്ഥകൾ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടൻതന്നെ ഉത്തരവുമായി ആര്യൻഖാന്റെ അഭിഭാഷകർ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയിൽ എത്തി ജാമ്യ ബോണ്ടിൽ ഒപ്പുവച്ചത് നടി ജൂഹി ചൗളയാണ്. എന്നാൽ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുൻപ് ആർതർ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ഇന്നു ജയിൽമോചിതനാകാമെന്ന ആര്യൻ ഖാന്റെ മോഹം പൊലിഞ്ഞു.
ആര്യനെ സ്വീകരിക്കാൻ ഷാറൂഖ് ഖാൻ നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും ഷാറൂഖിൻറെ നൂറുകണക്കിന് ആരാധകരും തടിച്ച് കൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികൾ തമ്മിൽ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകൾ.