അധിക ബാഗിന് പണം നൽകണമെന്ന് ജീവനക്കാർ, ഒരുബാഗിൽ ബോംബാണെന്ന് യുവതി; പിന്നീട് നടന്നത്
ചെക്ക് ഇൻ ചെയ്യാനായി രണ്ടു ബാഗുകളാണ് യുവതി നൽകിയത്
മുംബൈ: തന്റെ ബാഗിൽ ബോംബ് ഉണ്ടെന്ന യാത്രാക്കാരിയുടെ വെളിപ്പെടുത്തല്‍ മുംബൈ വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി. മുംബൈ നിന്ന് കൊൽക്കത്തയിലേക്ക് പോകുന്ന വിമാനത്തിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ യുവതി കെവശം വെച്ചിരുന്ന അധിക ലഗേജിന് പണം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബോംബ് ഭീഷണി നടത്തിയതെന്നാണ് വിമാനത്താവള അധികൃതർ പറയുന്നു. തുടർന്ന് യുവതിക്കെതിരെ കേസെടുത്തു. വ്യാജ ബോംബ് ഭീതി സൃഷ്ടിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്.
ബാഗേജ് ചെക്ക് ഇൻ ചെയ്യാനായി രണ്ടു ബാഗുകളാണ് യുവതി നൽകിയത്. എന്നാൽ എയർലൈനിന്റെ നിയമങ്ങൾ അനുസരിച്ച് ഒരു യാത്രക്കാരന് ചെക്ക്-ഇൻ ചെയ്യുന്നതിനായി ഒരു ബാഗേജ് മാത്രമേ നൽകാൻ കഴിയൂ. അതിന്റെ ഭാരം 15 കിലോയിൽ കൂടരുത്. അധിക ലഗേജിന് പണം നൽകാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.ഇതിനെച്ചൊല്ലി യുവതിയും എയർലൈൻ ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കം നടന്നു. ഇതിന് പിന്നാലെയാണ് തന്റെ ബാഗുകളിലൊന്നിൽ ബോംബ് ഉണ്ടെന്ന് യുവതി അവകാശപ്പെട്ടത്.
എന്നാൽ വിശദമായ പരിശോധനക്കൊടുവിൽ ബാഗിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സെക്ഷൻ 336 , 505 (2) പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.