വിലക്കയറ്റവും തൊഴിലില്ലായ്മയും ഉയർത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷം; ഊർജ സംരക്ഷണ ബിൽ ഇന്ന് രാജ്യസഭയിൽ
ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്
ഡല്‍ഹി: പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഇന്ന് ഉയർത്താനാണ് തീരുമാനം. ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിക്കുന്ന ബി.ജെ.പി അതുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ മുന ഒടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.
ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്നലെ ഇരുസഭകളും സംഗമമായി നടന്നെങ്കിലും ഇന്ന് മുതൽ അങ്ങനെയാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പുറമെ എയിംസ് സെർവർ ഹാക്കിംഗ്, ഇന്ത്യ ചൈന അതിർത്തി തർക്കം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ 20 ഓളം വിഷയങ്ങൾ ഇരുസഭകളിലും ഉയർത്തും. ചർച്ചകൾ അനുവദിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും.
കോൺഗ്രസ്, സി.പി.എം അടക്കം 13 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ബി.ജെ.പിയുടെ കണ്ണ്. ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ ബി.ജെ.പി അധികാരം നിലനിർത്തും എന്നാണ് പ്രവചനങ്ങൾ. ഹിമാചലിലും ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നു. രണ്ടിടത്തും വിജയിച്ചാൽ പാർലമെന്‍റില്‍ വൻ ആഘോഷമാക്കാനാണ് ബി.ജെ.പി തീരുമാനം. അതേസമയം ഊർജ സംരക്ഷണ ബിൽ ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.