'സിനിമകൾ നിരോധിക്കാൻ മത, രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെടുന്നത് ദൗർഭാഗ്യകരം': പഠാന്‍ വിവാദം ലോക്സഭയില്‍
അഭിനേതാവ് ഏതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മതം അപകടത്തിലാകുമെന്ന് ചിലർ വാദിക്കുകയാണെന്ന് ഡാനിഷ് അലി
പഠാൻ സിനിമാ വിവാദം ബി.എസ്.പി നേതാവ് ഡാനിഷ് അലി ലോക്സസഭയിൽ ഉന്നയിച്ചു. സിനിമകൾ നിരോധിക്കാൻ മത, രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെടുന്നത് ദൗർഭാഗ്യകരമായ സാഹചര്യമാണെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി. അഭിനേതാവ് ഏതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മതം അപകടത്തിലാകുമെന്ന് ചിലർ വാദിക്കുകയാണെന്നും ഡാനിഷ് അലി പറഞ്ഞു.
ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യവേഷത്തിലെത്തുന്ന പഠാനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പലയിടങ്ങളിലും പരാതി നല്‍കിയിട്ടുണ്ട്. ചിത്രം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമത്തിന് എതിരാണെന്ന പരാതിയിൽ ഇന്നലെ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി അനുയായി സഞ്ജയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം സിനിമയുടെ പ്രദർശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹരജി ബിഹാർ മുസഫർ നഗർ കോടതി ജനുവരി മൂന്നിന് പരിഗണിക്കും.
നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്ക്രീനില്‍ തിരിച്ചെത്തുന്ന സിനിമയാണ് പഠാൻ. ചിത്രത്തിലെ 'ബെഷറം രംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദം തുടങ്ങിയത്. ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്. വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിച്ചിരിക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വീർ ശിവജി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.