പറ്റ്നയിലെ അടല്‍ ബിഹാരി വാജ്‍പേയ് പാര്‍ക്കിന്‍റെ പേര് മാറ്റി; ഇനി 'കോക്കനട്ട് പാര്‍ക്ക്'
ഇതിനു പിന്നാലെ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി
പറ്റ്ന: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ പേരിലുള്ള പറ്റ്നയിലെ പാര്‍ക്കിന്‍റെ പേരു മാറ്റി. കോക്കനട്ട് പാര്‍ക്ക് എന്നാണ് പുനര്‍നാമകരണം ചെയ്തത്. പേരുമാറ്റം പ്രതിഷേധത്തിനിടയാക്കി.
ഇതിനു പിന്നാലെ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവാണ് പറ്റ്നയിലെ കങ്കര്‍ബാഗില്‍ സ്ഥിതി ചെയ്യുന്ന അടൽ ബിഹാരി വാജ്പേയി പാർക്കിന്‍റെ പേരു മാറ്റിയത്. നേരത്തെ കോക്കനട്ട് പാര്‍ക്ക് എന്ന പേരിലാണ് ഈ പാര്‍ക്ക് അറിയപ്പെട്ടിരുന്നത്. 2018ല്‍ വാജ്‍പേയിയുടെ മരണശേഷം പേരുമാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും പാര്‍ക്കിന് പഴയ പേര് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ക്കിനുള്ളിലെ വാജ്‍പേയ് പ്രതിമ നിലനിര്‍ത്തിയിട്ടുണ്ട്.
“ഒരു വശത്ത്, നിതീഷ് കുമാർ വാജ്‌പേയിയുടെ സ്മാരകത്തിൽ മാലയിടുന്നു, മറുവശത്ത്, തേജ് പ്രതാപ് യാദവ് പാർക്കിന്‍റെ പേര് മാറ്റി. ഇത് രണ്ട് നിറത്തിലുള്ള സർക്കാരാണ്. ബിജെപി ഇതിനെ എതിർക്കുന്നു. പാർക്കിന്‍റെ പേര് മാറ്റരുതെന്ന് പാർട്ടി ആവശ്യപ്പെടുന്നു,” ബി.ജെ.പി വക്താവ് അരവിന്ദ് കുമാർ സിംഗ് പറഞ്ഞു.കോക്കനട്ട് പാർക്ക് എന്നാക്കിയിട്ടും, അടൽ ബിഹാരി വാജ്പേയി പാർക്കിന്‍റെ സൈൻബോർഡ് പാർക്കിന് പുറത്ത് ഇപ്പോഴുമുണ്ട്.