ഫോണ്‍ ചോര്‍ത്തല്‍; സര്‍ക്കാരിന്‍റേത് കുറ്റകരമായ നടപടിയെന്ന് എഴുത്തുകാരി ജെനി റൊവീന

ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റുകളെ പ്രതികളാക്കിയത് സമാനമായ രീതിയില്‍, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ജെനി ആവശ്യപ്പെട്ടു.

Update: 2021-07-19 01:56 GMT
Advertising

ഫോണ്‍ ചോര്‍ത്തലിലൂടെ സര്‍ക്കാര്‍ ചെയ്തത് കുറ്റകരമായ നടപടിയെന്ന് ചാരപ്രവ൪ത്തനത്തിന് ഇരയായ ഹാനിബാബുവിന്റെ ഭാര്യയും എഴുത്തുകാരിയുമായ ജെനി റൊവീന. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ജെനി ആവശ്യപ്പെട്ടു. 

സ്വന്തം പൗരന്മാരെ സര്‍ക്കാര്‍ നിയമവിരുദ്ധമായി നിരീക്ഷിച്ചു. ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റുകളെ പ്രതികളാക്കിയത് സമാനമായ രീതിയിലാണെന്നും ജെനി റൊവീന പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ കമ്പ്യൂട്ടറുകളില്‍ കൃത്രിമ തെളിവുകള്‍ സ്ഥാപിച്ചുവെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് പുതിയ കണ്ടെത്തലെന്നും ജെനി റൊവീന ആരോപിച്ചു.

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസ‍സ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യാ ടു ഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂസ് 18, ദി ഹിന്ദു എന്നിവിടങ്ങളിലെ മാധ്യമ പ്രവർത്തകരുടെ വിവരങ്ങളാണ് ചോർത്തിയത്. പാരീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മീഡിയ ബേസില്‍ നിന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചത്. വാഷിങ്ടണ്‍ പോസ്റ്റും ദി ഗാര്‍‌ഡിയനുമടക്കം 16 അന്തര്‍ദേശീയ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. 

പെഗാസസ് പ്രൊജക്ട് എന്ന പേരിലായിരുന്നു മാധ്യമങ്ങളുടെ നീക്കം. പത്തോളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഇതിന് പിന്നിലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്പതിനായിരത്തിലേറെ സ്മാര്‍ട്ട്ഫോണ്‍ നമ്പറുകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നമിട്ടിരുന്നത്. 67 ഫോണുകളെ പെഗാസസ് വഴി ബന്ധിപ്പിച്ചിരുന്നതായും 23 എണ്ണത്തെ വരുതിയിലാക്കിയിരുന്നതായും മാധ്യമങ്ങള്‍ കണ്ടെത്തുന്നു. 14 ഫോണുകള്‍ സോഫ്റ്റ്‌വെയറിന് കീഴ്പ്പെട്ടതിന്റെ സിഗ്നലുകള്‍ കാണിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പാടെ തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താത്പര്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളൂ എന്നും ഈ വിവാദത്തില്‍ നേരത്തെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞതാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു.  ഇന്ന് ആരംഭിക്കുന്ന പാര്‍ലമെ‍ന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News