പെഗാസസ് വഴി ഇന്ത്യക്കാരെ പ്രധാനമന്ത്രി ആക്രമിച്ചു: രാഹുൽ ഗാന്ധി
സംഘപരിവാർ രാജ്യത്തെ ദുർബലമാക്കുന്നുവെന്നും രാഹുൽ ഗാന്ധി
പെഗാസസ് ചാര സോഫ്റ്റ്‌വെയർ വഴി ഇന്ത്യക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിച്ചെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ പെഗാസസ് സോഫ്റ്റവെയർ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ വിമർശനം. പെഗാസസ് വിഷയം ചർച്ചചെയ്യാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാരും രംഗത്തു വന്നിരുന്നു. ബിജെപി രാജ്യത്തെ അപകടകരമായ നിലയിലേക്ക് എത്തിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.
ചൈന വലിയ ഭീഷണിയായത് മനസിലാക്കുന്നില്ല, സമ്പന്നനും ദരിദ്രനും തമ്മിലെ അന്തരം വർധിച്ചു, മോദി സർക്കാർ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയിൽ, സംഘപരിവാർ രാജ്യത്തെ ദുർബലമാക്കുന്നു രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ തുറന്നടിച്ചു. യുപിഎ സർക്കാർ 10 വർഷം കൊണ്ട് 27 കോടി ജനങ്ങളെയാണ് പട്ടിണിയിൽ നിന്ന് കരകയറ്റിയതെന്നും രാജ്യം അകത്ത് നിന്നും പുറത്ത് നിന്നും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.