രാജ് പഥ് ഇനി ഓർമ; കർത്തവ്യ പഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അടിമത്വത്തിന്റെ മറ്റൊരു പ്രതീകം കൂടി ഇന്ന് നീക്കപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. കിങ്സ് വേ (രാജ്പഥ്) ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു.

Update: 2022-09-08 17:55 GMT
Advertising

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്പഥ് ഇന്നുമുതൽ കർത്തവ്യ പഥ്. സെൻട്രൽവിസ്ത പദ്ധതിക്ക് തുടക്കം കുറിച്ച്, ഇന്ത്യാ ​ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന നവീകരിച്ച കർത്തവ്യ പഥിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.

അടിമത്വത്തിന്റെ മറ്റൊരു പ്രതീകം കൂടി ഇന്ന് നീക്കപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. കിങ്സ് വേ (രാജ്പഥ്) ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു. അത് എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞു. ഇന്ന് കർത്തവ്യ പഥിന്റെ രൂപത്തിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അടിമത്തത്തിന്റെ മറ്റൊരു അടയാളത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ഇന്ത്യക്കാരെ താൻ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

കർത്തവ്യ പഥ് വെറും ഇഷ്ടികയും കല്ലും നിറഞ്ഞ പാതയല്ല. അത് ഇന്ത്യയുടെ ജനാധിപത്യ ഭൂതകാലത്തിന്റെയും ആദർശങ്ങളുടെയും പാതയാണ്. രാജ്യത്തെ ജനങ്ങൾ ഇവിടെ വരുമ്പോൾ നേതാജിയുടെ പ്രതിമയും ദേശീയ യുദ്ധസ്മാരകവും അവർക്ക് പ്രചോദനം നൽകും. രാജ്യത്തെ ഓരോ പൗരനേയും പുതുതായി നിർമിച്ച കർത്തവ്യ പഥ് കാണാൻ ക്ഷണിക്കുന്നതായും മോദി കൂട്ടിച്ചേർത്തു. ചടങ്ങിന് മുന്നോടിയായി തലസ്ഥാന നഗരത്തില്‍ വൈകീട്ട് ആറു മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കിപ്പണിതത്. പൊതുജനങ്ങൾക്കായി കാല്‍നടപ്പാത, ശുചിമുറികൾ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുവരെ രാജ്‍പഥ് എന്നറിയപ്പെട്ടിരുന്ന വീഥിയുടെ പുനർനാമകരണത്തിന് കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹി കോർപറേഷൻ അം​ഗീകാരം നൽകിയത്.

രാജ്പഥ് എന്ന പേരിന് ബ്രിട്ടീഷ് ഭരണത്തിന്‍റെ സ്വാധീനമുള്ളതിനാലാണ് പേരുമാറ്റം. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോർജ് അഞ്ചാമൻ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്‍പഥ് ആയി മാറി.

കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് 75ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ആദ്യ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് വിക്ഷേപണ വേളയിൽ നാവികസേനയുടെ ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. സെന്‍റ് ജോർജ് ക്രോസ് മുദ്ര നീക്കിയാണ് പുതിയ പതാക ഉയർത്തിയത്. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്ന് മാറ്റിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News