മണിപ്പൂരിൽ പ്രതിഷേധം അക്രമാസക്തം; എസ്പി ഉൾപ്പെടെ പൊലീസുകാർക്ക് പരിക്ക്
ബിഎസ്എഫിനെയും സിആർപിഎഫിനെയും പിൻവലിക്കണമെന്ന ആവശ്യവുമായി കുക്കികൾ രംഗത്തിറങ്ങുകയായിരുന്നു
ഇംഫാൽ: മണിപ്പൂരിൽ എസ്പി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ്പി ഉൾപ്പെടെ പൊലീസുകാർക്ക് പരിക്കേറ്റു. കാങ്പോക്പി ജില്ലയിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിന് പിന്നിൽ കുക്കികളാണെന്ന് പൊലീസ് അറിയിച്ചു.
സായ്ബോൾ മേഖലയിൽനിന്ന് അർധ സുരക്ഷാ സേനകളായ ബിഎസ്എഫിനെയും സിആർപിഎഫിനെയും പിൻവലിക്കണമെന്ന ആവശ്യവുമായി കുക്കികൾ രംഗത്തിറങ്ങുകയായിരുന്നു. ഈ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഡിസംബർ 31ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരവധി വനിതാ പ്രതിഷേധക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ടുണ്ടായ പ്രകടനം.
പ്രതിഷേധക്കാരുടെ കല്ലേറിൽ കാങ്പോക്പി എസ്പി മനോജ് പ്രഭാകറിന് തലയിൽ ഒന്നിലധികം മുറിവേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മറ്റു ചില പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കുക്കികളുടെ സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂനിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവർ എസ്പി ഓഫീസിന് നേരെ കല്ലുകളും പെട്രോൾ ബോംബും എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് സുരക്ഷാ സേനയെ വിന്യസിച്ച് സ്ഥിതി ശാന്തമാക്കിയതായും പൊലീസ് അറിയിച്ചു.
അർധ സൈനിക വിഭാഗങ്ങളെ മാറ്റി ആർമിയും അസം റൈഫിൾസും മാത്രം ഈ മേഖലയിൽ നിന്നാൽ മതിയെന്നാണ് കുക്കികൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം അർധസൈനിക സേന കാങ്പോക്പിയിൽ കുക്കി സായുധ വിഭാഗങ്ങളുടെ നിരവധി ബങ്കറുകൾ നീക്കിയിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
12 മണിക്കൂറിനുള്ളിൽ അർധ സൈനിക വിഭാഗങ്ങൾ ഇവിടെനിന്ന് പോകണമെന്ന് നിരവധി കുക്കി സംഘടനകൾ അന്ത്യശാസനം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം സാമ്പത്തിക ഉപരോധമടക്കം ഏർപ്പെടുത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.