'മുസ്‍ലിംകൾ ഒഴിഞ്ഞുപോകണം, ഇല്ലെങ്കിൽ കുടിലുകൾക്ക് തീയിടും'; ഗുരുഗ്രാമിൽ വീണ്ടും പോസ്റ്ററുകൾ
നൂഹിൽ വിഎച്ച്പിയുടെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രയുടെ മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
ഗുരുഗ്രാം: മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്ന് ഹരിയാനയിലെ ഗുരുഗ്രാമിൽ വീണ്ടും പോസ്റ്ററുകൾ. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്ക് തീയിടുമെന്നും ജീവൻ നഷ്ടമാകുമെന്നുമാണ് ഭീഷണി. ബജ് രംഗ്ദളിന്റെയും വി.എച്ച്.പിയുടെയും പേരിലാണ് പോസ്റ്ററുകൾ പതിച്ചത്.നൂഹിൽ വിഎച്ച്പിയുടെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്രയുടെ മുന്നോടിയായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “രണ്ടു ദിവസത്തിനകം ചേരികൾ ഒഴിയുക, അല്ലാത്തപക്ഷം ഞങ്ങൾ അവ തീയിടും, നിങ്ങളുടെ മരണത്തിന് നിങ്ങള്‍ തന്നെ ഉത്തരവാദികളായിരിക്കും,” എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
പോസ്റ്റര്‍ പതിപ്പിച്ചവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ബന്ധവുമില്ലെന്ന് ഹിന്ദു സംഘടനകള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന് പൂർത്തിയാക്കാനാണ് വിഎച്ച്പിയുടെ തീരുമാനം. ജില്ലഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ 11 മണിക്ക് നൽഹേശ്വർ ക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിക്കും. വിലക്കി ലംഘിച്ച് റാലി നടത്തുന്നതിനാൽ ജില്ലയിൽ പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച വരെ ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തി. കഴിഞ്ഞ 31 നടന്ന റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.