രാമക്ഷേത്രത്തിന് പ്രഭാസ് 50 കോടി രൂപ നല്‍കിയോ? സത്യമിതാണ്

22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്‍റെ ചെലവ് താരം വഹിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു

Update: 2024-01-20 03:33 GMT
Editor : Jaisy Thomas | By : Web Desk

പ്രഭാസ്

Advertising

ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്രത്തിന് തെലുഗ് നടന്‍ പ്രഭാസ് 50 കോടി രൂപ സംഭാവനയായി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുകൂടാതെ 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്‍റെ ചെലവ് താരം വഹിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍.

രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിവസം ഭക്ഷണ ചെലവ് പ്രഭാസ് ഏറ്റെടുക്കുമെന്നും വന്‍തുക സംഭാവനയായി നല്‍കാന്‍ താരം മുന്നോട്ടുവന്നുവെന്നും ആന്ധ്രാപ്രദേശ് എംഎൽഎ ചിർല ജഗ്ഗിറെഡ്ഡി ഒരു പരിപാടിയിൽ പറഞ്ഞിരുന്നു. “പണം സമ്പാദിക്കുകയും അത് മറ്റുള്ളവരുമായി പങ്കിടാൻ തീരുമാനിക്കുകയും ചെയ്യുന്നവൻ മഹാനാണ്.പ്രഭാസ് അത്തരത്തിലുള്ള ഒരാളാണ്, അയോധ്യയിലെ രാമക്ഷേത്രത്തിന് പണം സംഭാവന ചെയ്യാൻ അദ്ദേഹം സമ്മതിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഭക്ഷണം സ്പോൺസർ ചെയ്യാൻ അദ്ദേഹം സമ്മതിച്ചു'' എന്നാണ് ജഗ്ഗി റെഡ്ഡി പറഞ്ഞത്. എന്നാല്‍ ഇതൊരു വ്യാജ വാര്‍ത്തയാണെന്നാണ് പ്രഭാസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞത്. പ്രഭാസ് രാമക്ഷേത്രത്തിന് വലിയ തുക സംഭാവന ചെയ്യുകയോ ഭക്ഷണം സ്പോൺസർ ചെയ്യാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്നും ടീം വ്യക്തമാക്കി.

അതേസമയം തെന്നിന്ത്യന്‍ താരങ്ങളായ രജനീകാന്ത്, മോഹന്‍ലാല്‍, ചിരഞ്ജീവി,രാംചരണ്‍,ധനുഷ്,സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രഭാസിന് ക്ഷണം ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠയ്ക്ക് ശേഷം ജനുവരി 23 മുതൽ രാമക്ഷേത്രം പൊതുജനങ്ങൾക്കായി ദർശനത്തിനായി തുറക്കും.അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ജാക്കി ഷ്റോഫ്, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, അനുഷ്‌ക ശർമ്മ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും രാഷ്ട്രീയക്കാരും കായിക താരങ്ങളും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News