കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന് എതിരായ പോരാട്ടമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്: യശ്വന്ത് സിൻഹ
'തെരഞ്ഞെടുപ്പിന് ശേഷം എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല'
ഡല്‍ഹി: ഇത്തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന് എതിരായ പോരാട്ടമാണെന്ന് യശ്വന്ത് സിൻഹ. പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് യശ്വന്ത് സിന്‍ഹ. താൻ പ്രസിഡന്‍റായാൽ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയുമെന്നും സിൻഹ പറഞ്ഞു.
അസാധാരണമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സിൻഹ പറഞ്ഞു- "രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രം ദുരുപയോഗം ചെയ്യുന്ന ഏജൻസികൾക്കെതിരായ പോരാട്ടം കൂടിയാണിത്. തെരഞ്ഞെടുപ്പിന് ശേഷം എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല".
ബി.ജെ.പിയും കേന്ദ്രം ഭരിക്കുന്ന സർക്കാരും ബോധപൂർവം രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. സാമ്പത്തിക നയങ്ങൾ, വളർച്ചാ നിരക്ക് കുറയൽ, രൂപയുടെ വിനിമയ നിരക്കിലെ ഇടിവ് എന്നിവ ചൂണ്ടിക്കാട്ടി സിന്‍ഹ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.എങ്കിലും ശ്രീലങ്കയിലെപ്പോലെ ഒരു സാഹചര്യം ഇന്ത്യയിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിശബ്ദനായ ഒരു പ്രസിഡന്‍റിനെയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം കണ്ടതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. നിലവിലെ സംഘര്‍ഷത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും സാഹചര്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ ആവശ്യം സിന്‍ഹയും ആവര്‍ത്തിച്ചു.
മഹാരാഷ്ട്രയിലും ഇപ്പോൾ ഗോവയിലും നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളെച്ചൊല്ലിയും സിന്‍ഹ ബി.ജെ.പിയെ വിമര്‍ശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളുടെ എണ്ണം കൂടാതിരിക്കാനാണ് നീക്കമെന്നും സിന്‍ഹ കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഉണ്ടായിരുന്ന സമവായത്തിലൂന്നിയ രാഷ്ട്രീയം അവസാനിച്ചു. ഇപ്പോൾ സംഘർഷത്തിന്‍റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.