മണിക്കൂറുകളോളം എയറോ ബ്രിഡ്ജിൽ പൂട്ടിയിട്ടെന്ന ആരോപണവുമായി ബോളിവുഡ് താരം രാധിക ആപ്‌തെ
മുംബൈ-ഭുവനേശ്വർ ഇൻഡിഗോ വിമാനം വൈകിയതിനെ തുടർന്നാണ് യാത്രക്കാർ എയറോബ്രിഡ്ജിൽ കുടുങ്ങിയത്.
മുംബൈ: താനിക്കും സഹയാത്രികർക്കും മുംബൈ വിമാനത്താവളത്തിൽ നേരിട്ട ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ബോളിവുഡ് താരം രാധിക ആപ്‌തെ. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന തങ്ങളെ വിമാനം വൈകിയതിനെ തുടർന്ന് മണിക്കൂറുകളോളം എയറോബ്രിഡ്ജിൽ പൂട്ടിയിട്ടെന്നാണ് രാധിക പറയുന്നത്. കുടിക്കാൻ വെള്ളമോ വാഷ് റൂം സൗകര്യമോ ഇല്ലാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ എയറോ ബ്രിഡ്ജിൽ കുടുങ്ങിയതെന്ന് രാധിക പറഞ്ഞു.
''ഇന്ന് രാവിലെ 8.30-നായിരുന്നു എന്റെ വിമാനം. ഇപ്പോൾ 10.50 ആയിരിക്കുന്നു. വിമാനം ഇതുവരെ എത്തിയിട്ടില്ല. എന്നാൽ വിമാനം എത്തിയെന്ന് അറിയിച്ച് ഞങ്ങളെ എയറോ ബ്രിഡ്ജിൽ എത്തിച്ച് പൂട്ടിയിട്ടിരിക്കുകയാണ്. കൊച്ചുകുട്ടികളും പ്രായമായവരും ഏതാണ്ട് ഒരു മണിക്കൂറോളമായി ഇത്തരത്തിൽ വലയുകയാണ്. വാതിൽ തുറക്കാൻ സുരക്ഷാ ജീവനക്കാർ തയ്യാറാവുന്നില്ല. ആർക്കും ശുചിമുറിയിൽ പോകാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. 12 മണി വരെയെങ്കിലും ഇങ്ങനെ ഇരിക്കേണ്ടിവരുമെന്നാണ് വിമാനക്കമ്പനി അറിയിച്ചത്''-രാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജീവനക്കാർ എത്താത്തതാണ് വിമാനം വൈകാൻ കാരണമെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനം വൈകുമെന്ന് യാത്രക്കാരെ അറിയിച്ചിരുന്നുവെന്നും അവർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു.