മോദിക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരായി രാഹുൽ ഗാന്ധി

കള്ളന്മാർക്കെല്ലാം എങ്ങനെ മോദി എന്നു പേരുവന്നുവെന്ന പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് നേരിടുന്നത്

Update: 2021-06-24 06:24 GMT
Editor : Shaheer | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. ഗുജറാത്ത് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് രാവിലെ രാഹുൽ എത്തിയത്.

'മോദി' കുടുംബപ്പേരിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാസ്പദം. സൂറത്തിൽനിന്നുള്ള ബിജെപി എംഎൽഎ പുർനേഷ് മോദിയാണ് പരാതി നൽകിയത്. കേസിൽ അന്തിമ പ്രസ്താവന രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എഎൻ ദവേ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

2019 ഏപ്രിൽ 13ന് കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇവർക്കെല്ലാം എങ്ങനെ മോദി എന്ന കുടുംബപ്പേര് വന്നു? എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് എങ്ങനെ മോദിയായി?' എന്നായിരുന്നു കോലാറിൽ നടന്ന പരിപാടിയിൽ രാഹുൽ ചോദിച്ചത്.

രാഹുലിന്റെ പരാമർശം മോദി സമുദായത്തെ മൊത്തം അപകീർത്തിപ്പെടുത്തുന്നതാണെന്ന് പുർനേഷ് പരാതിയിൽ ആരോപിച്ചു. കേസിൽ 2019 ഒക്ടോബറിലും രാഹുൽ കോടതിയിൽ ഹാജരായിരുന്നു. അതേസമയം, കേസ് സൂചിപ്പിച്ചുകൊണ്ട് രാഹുൽ പ്രതികരണവും നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നതിന്റെ ഒരേയൊരു രഹസ്യം തന്നെ നിർഭയത്വമാണെന്നായിരുന്നു രാഹുൽ ഇന്ന് ട്വിറ്ററിൽ കുറിച്ചത്. കോടതിയിൽ ഹാജരാകുന്നതിന് ഏതാനും മിനിറ്റുകൾക്കുമുൻപായിരുന്നു ട്വീറ്റ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News