അഞ്ച് വർഷം കഴിഞ്ഞു, യമുനയിലെ വെള്ളം കുടിക്കുന്നില്ലേ? കെജ്‌രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

കെജ്‌രിവാളും ബിജെപിയും വ്യാജ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി

Update: 2025-01-30 05:52 GMT
Editor : rishad | By : Web Desk
അഞ്ച് വർഷം കഴിഞ്ഞു, യമുനയിലെ വെള്ളം കുടിക്കുന്നില്ലേ? കെജ്‌രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
AddThis Website Tools
Advertising

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വൃത്തിയാക്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്ത യമുന നദിയിൽ നിന്ന് വെള്ളം കുടിക്കാൻ കെജ്‌രിവാളിനെ രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയും ചെയ്തു.

'' ഞങ്ങൾ തൊഴിൽ, വികസനം, പുരോഗതി എന്നിവയെക്കുറിച്ചൊക്കെയാണ് സംസാരിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ ഭരണകാലത്തെ ഡൽഹിയിലെ മികച്ച റോഡുകള്‍ നിങ്ങളോര്‍ക്കുന്നുണ്ടാകും. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങള്‍ നൽകിയിട്ടില്ല''- ഡല്‍ഹിയിലെ ബവാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' യമുനാ നദി ശുദ്ധീകരിക്കുമെന്നും അതില്‍ നിന്ന് വെള്ളം കുടിക്കുമെന്നും നേരത്തെ കെജ്‌രിവാൾ വാഗ്ദാനം ചെയ്തിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞു, യമുനാ നദിയിലെ വെള്ളം കുടിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. ഇതാണ് കോൺഗ്രസും കെജ്‌രിവാളും തമ്മിലെ വ്യത്യാസം. കെജ്‌രിവാൾ എല്ലായ്പ്പോഴും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നത്''- രാഹുല്‍ ഗാന്ധി പറഞ്ഞു.

''നിങ്ങൾ അഴുക്കുവെള്ളം കുടിക്കുമ്പോൾ കെജ്‌രിവാൾ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കണ്ണാടിമാളികയിൽ താമസിക്കുകയാണ്. അദ്ദേഹം ശുദ്ധമായ വെള്ളം കുടിക്കുകയും ജനങ്ങൾക്ക് കപട വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നു''- രാഹുൽ ​ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

യമുനാ നദിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം ഒരുഭാഗത്ത് നടക്കവെയാണ് രാഹുൽ ഗാന്ധിയും രംഗത്ത് എത്തുന്നത്. യമുനയിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുകയാണെന്നും അതാണ് ഡൽഹിയിലെ ജനത കുടിക്കുന്നത് എന്നുമായിരുന്നു കെജ് രിവാളിന്റെ ആരോപണം. ഇതിനെതിരെ ഹരിയാന ബിജെപി കേസ് കൊടുത്തിട്ടുണ്ട്. വിഷയത്തിൽ ഹരിയാനയിലെ കോടതി കെജ് രിവാളിന് സമൻസും അയച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News