സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്; നാളെ തന്നെ ഹരജി സമര്‍പ്പിക്കും
മനു അഭിഷേക് സിങ്‍വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും
ന്യൂഡല്‍ഹി: സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും. നാളെത്തന്നെ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചേക്കുമെന്ന് സൂചന. മനു അഭിഷേക് സിങ്‍വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും.
2019-ലെ മോദി പരാമർശത്തിലെ സൂറത്ത് സിജെഎം കോടതി വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുന്നത് . നാളെ ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചേക്കും എന്നാണ് സൂചന. ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
മുതിർന്ന കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ മനു അഭിഷേക് സിങ്‍വി , പി. ചിദംബരം, വിവേക് തൻഖ തുടങ്ങിയവർ അടങ്ങിയ ഒരു സമിതി രാഹുലിന്റെ കേസ് നടത്തിപ്പിന് വേണ്ടി രൂപവത്കരിച്ചിരുന്നു. മനു സിങ്‍വിയോ, ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കുമെന്നാണ് സൂചന. ഹൈക്കോടതിയിൽനിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ സുപ്രിം കോടതിയെ സമീപിക്കേണ്ടിവരും.
സെഷൻസ് കോടതി വിധിക്കെതിരെ സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.അതെ സമയം അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽഗാന്ധി ഔദ്യോഗിക വസതി ഉടൻ ഒഴിയും. ഏപ്രിൽ 22 നകം വസതി ഒഴിയണം എന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് നോട്ടീസ് നൽകിയിരുന്നത്.