'വെള്ള ടീഷർട്ട് മാത്രം ധരിക്കാൻ കാരണം ആ മൂന്ന് പെൺകുട്ടികൾ'; വെളിപ്പെടുത്തി രാഹുൽ ഗാന്ധി
'തണുപ്പുകൊണ്ട് വിറക്കുമ്പോൾ മാത്രമേ സ്വെറ്റർ ധരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കൂ'
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലുടനീളം വെള്ള ടീഷർട്ട് മാത്രം ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധി നടന്നിരുന്നത്. ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും ഒരു സ്വെറ്റർ പോലും രാഹുൽ ഗാന്ധി ധരിച്ചിരുന്നില്ല.. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
' വെള്ള ടീ ഷർട്ട് എന്തിനാണ് ധരിക്കുന്നതെന്ന് എന്തിനാണെന്നും നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലേ എന്നും പലരും ചോദിച്ചു. ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ കേരളത്തിൽ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരുന്നു. എന്നാൽ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചപ്പോൾ ചെറുതായി തണുപ്പ് ഉണ്ടായിരുന്നു. ഒരു ദിവസം കീറിയ വസ്ത്രം ധരിച്ച മൂന്ന് പെൺകുട്ടികൾ എന്റെ അടുക്കൽ വന്നു. ഞാൻ അവരെ ചേർത്ത് പിടിച്ചപ്പോള്‍ അവർ തണുത്ത് വിറക്കുന്നുണ്ടായിരുന്നു.. അന്നാണ് ഞാൻ തീരുമനിച്ചത്.. തണുത്ത് വിറക്കുന്നത് വരെ ഇനി ടീഷർട്ട് മാത്രമേ ധരിക്കൂ...'' രാഹുൽ പറഞ്ഞു.
തിങ്കളാഴ്ച ഹരിയാനയിലെ അംബാലയിൽ സ്ട്രീറ്റ് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ തണുപ്പ് വകവയ്ക്കാതെ ടീ-ഷർട്ട് ധരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'തണുപ്പുകൊണ്ട് ഞാൻ വിറക്കുമ്പോൾ മാത്രമേ സ്വെറ്റർ ധരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ. ആ പെൺകുട്ടികൾക്ക് ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോൾ രാഹുൽ ഗാന്ധിക്കും തണുപ്പ് അനുഭവപ്പെടും.'' രാഹുൽ പറഞ്ഞു.
ശൈത്യകാലത്ത് പാവപ്പെട്ടവരുടെ കുട്ടികൾ സ്വെറ്ററോ ജാക്കറ്റോ ഇല്ലാതെ നടക്കുന്നതെന്തെന്ന് മാധ്യമങ്ങൾ എന്തുകൊണ്ടാണ് ചോദിക്കാത്തതെന്ന് നേരത്തെ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഉത്തർപ്രദേശ് യാത്രയ്ക്കിടെയായിരുന്നു രാഹുൽ ഇക്കാര്യം പറഞ്ഞത്. പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും നിരവധി കുട്ടികൾ കീറിയ വസ്ത്രങ്ങൾ ധരിച്ചാണ് യാത്രയിൽ എന്നോടൊപ്പം നടക്കുന്നത്. ഞാൻ ടീ-ഷർട്ടിൽ ധരിക്കുന്നതല്ല ചോദ്യമാകേണ്ടത്. ഇതാണ് ചോദ്യമാകേണ്ടത്.. അദ്ദേഹം പറഞ്ഞു.
സെപ്തംബർ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജനുവരി 30ന് ശ്രീനഗറിലെത്തുന്നതോടെ യാത്രക്ക് സമാപനമാകും. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയത്.