'ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നു; ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു'; സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്യുകയും ഭരണപക്ഷം പ്രസംഗം പലതവണ തടസപ്പെടുത്തുകയും ചെയ്തു

Update: 2024-07-01 11:06 GMT
Editor : Shaheer | By : Web Desk

രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിക്കുന്നു

Advertising

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണെന്നും ഹിന്ദുവിന്റെ പേരില്‍ രാജ്യത്ത് അക്രമം നടക്കുന്നുവെന്നും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയുമാണെന്നും രാഹുല്‍ പറഞ്ഞു. പരമശിവന്റെ ചിത്രം ഉയര്‍ത്തിയായിരുന്നു പ്രസംഗം. രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്യുകയും ഭരണപക്ഷം പ്രസംഗം പലതവണ തടസപ്പെടുത്തുകയും ചെയ്തു.

രാഹുല്‍ ഹിന്ദുക്കളെ അക്രമികളായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മോദി രംഗത്തെത്തി. രാഹുല്‍ മാപ്പുപറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. രാഹുലിനെതിരെ ഭരണപക്ഷം വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

അയോധ്യയിൽ മത്സരിക്കാൻ കഴിയുമോ എന്ന് മോദി സർവേ നടത്തിയെന്നും മത്സരിക്കരുതെന്നു സർവേക്കാർ ഉപദേശം നൽകിയെന്നും രാഹുല്‍ പറഞ്ഞു. അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണ്. അയോധ്യ ബി.ജെ.പിക്ക് കൃത്യമായ സന്ദേശം നല്‍കി. ആ സന്ദേശമാണ് തനിക്ക് അരികില്‍ ഇരിക്കുന്നതെന്ന് എസ്.പിയുടെ അവധേശ് പ്രസാദിന്റെ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നു. നിങ്ങള്‍ ഹിന്ദുവല്ല. ബി.ജെ.പി വെറുപ്പും അക്രമവുമാണു പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നല്ലെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഭരണഘടനയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു. ബി.ജെ.പി അംഗങ്ങളള്‍ ഭരണഘടനയെ കുറിച്ചു പറയുന്നതില്‍ സന്തോഷം. ഇന്ത്യയില്‍ ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു. ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ജനങ്ങള്‍ എതിര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു.

ഇതിനിടയില്‍ രാഹുലിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതില്‍ പരാതി പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ലയുടെ പ്രതികരണം. സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയതിനെതിരെയും സ്പീക്കര്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ചട്ടം അനുസരിച്ചു പ്രസംഗിക്കണമെന്ന് ഓം ബിര്‍ല ആവശ്യപ്പെട്ടു.

രാഹുലിന്‍റെ പ്രസംഗത്തില്‍നിന്ന്

-നീറ്റിൽ വലിയ അഴിമതി നടക്കുന്നു. സമ്പന്നരുടെ മക്കൾക്ക് മാത്രം പഠിക്കാൻ പറ്റുന്ന അവസ്ഥയായി മാറി

-700 കർഷകർ രക്തസാക്ഷികളായി. താങ്ങുവില കർഷകർക്ക് മോദി സർക്കാർ നൽകുന്നില്ല

-ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നൽകിയപ്പോൾ മോദി നോട്ടുനിരോധനം നടപ്പാക്കി

-അഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്നിവീർ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരില്‍ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കി

-മണിപ്പൂരിൽ വലിയ അക്രമം തുടർച്ചയായി നടന്നിട്ടും പ്രധാനമന്ത്രി പോയില്ല. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. രാജ്യത്തെ സംസ്ഥാനവുമല്ല.

-അയോധ്യയിൽ മത്സരിക്കാൻ കഴിയുമോ എന്ന് മോദി സർവേ നടത്തി. മത്സരിക്കരുതെന്ന് സർവേക്കാർ ഉപദേശം നൽകി

Summary: Opposition leader Rahul Gandhi lashes out at Prime Minister Narendra Modi and the central government in the Lok Sabha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News