നീലച്ചിത്ര നിര്‍മാണം; ശില്‍പ ഷെട്ടിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്
പോണ്‍ നിര്‍മാണത്തിലൂടെ നേടുന്ന പണം രാജ് കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നിക്ഷേപിക്കുന്നതായി പൊലീസ്
നീലച്ചിത്രനിര്‍മാണത്തെ തുടര്‍ന്ന് പിടിയിലായ വ്യവസായി രാജ് കുന്ദ്രയുടെ കസ്റ്റഡി മുംബൈ കോടതി നീട്ടി. അന്വേഷണത്തിന്റെ ഭാഗമായി ബോളീവുഡ് നടിയും രാജ് കുന്ദ്രയുടെ ഭാര്യയുമായ ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മുംബൈ പൊലീസ് റെയിഡ് നടത്തി.
ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വലിയ തുകകള്‍ കൈമാറ്റം നടത്തിയ രേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യെസ് ബാങ്കില്‍ നിന്നും യൂണിയന്‍ ബാങ്ക് ഓഫ് ആഫ്രിക്കയിലേക്ക് ഇടപാടുകള്‍ നടത്തിയതായാണ് രേഖകളെന്നും പൊലീസ് പറഞ്ഞു. പോണ്‍ നിര്‍മാണത്തിലൂടെ നേടുന്ന പണം രാജ് കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ നിക്ഷേപിക്കുന്നതായും പൊലീസ് പറഞ്ഞു.
രാജ് കുന്ദ്രയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നേരത്തെ അശ്ലീല വീഡിയോകളും സെര്‍വറുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. യു.കെ ആസ്ഥാനമായുള്ള കിന്റിന്‍ എന്ന സ്ഥാപനവുമായി ചേര്‍ന്ന് നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്‌തെന്നാണ് കുന്ദ്രക്കെതിരായ കേസ്.
നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂലൈ പത്തൊന്‍പതിനാണ് രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത്. ജൂലൈ 27 വരെയാണ് കുന്ദ്രയുടെ റിമാന്‍ഡ് നീട്ടിയത്. എന്നാല്‍, രാജ് കുന്ദ്രയില്‍ നിന്നും പിടിച്ചെടുത്തത് നീലച്ചിത്രമായി കണക്കാക്കാനാവില്ലെന്നായിരുന്നു കുന്ദ്രയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. വീഡിയോകള്‍ യഥാര്‍ഥ പോണ്‍ ഉള്ളടക്കമുള്ളതല്ലെന്നായിരുന്നു രാജ് കുന്ദ്ര കോടതില്‍ വാദിച്ചത്.