'നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് രാജ് താക്കറെക്ക് താല്‍പര്യം, മഹായുതിയുമായി സഖ്യമില്ല' ; അജിത് പവാര്‍

200-225 സീറ്റുകളിൽ താൻ മത്സരിക്കുമെന്നാണ് രാജ് താക്കറെ പറഞ്ഞത്

Update: 2024-08-10 06:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

നാസിക്: മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ മഹായുതിയിൽ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ എംഎന്‍എസ് ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ .

താക്കറെ മഹായുതിയിൽ ചേരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, "ആരാണ് അങ്ങനെ പറഞ്ഞത്? 200-225 സീറ്റുകളിൽ താൻ മത്സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ, അതിൻ്റെ അർത്ഥമെന്താണ്? അദ്ദേഹം സ്വയം മത്സരിക്കാൻ ആഗ്രഹിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രം പ്രധാനമന്ത്രിയെ പിന്തുണച്ചെന്നാണ് അദ്ദേഹം പറഞ്ഞത്'' പവാര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരും മറ്റ് ചില അംഗങ്ങളും വ്യാഴാഴ്ച ഈ വിഷയത്തിൽ ചർച്ച നടത്തിയതായി പവാർ വ്യക്തമാക്കി. മഹായുതിയുടെ മറ്റ് സഖ്യകക്ഷികൾ യോഗത്തിൽ ഉണ്ടായിരുന്നില്ലെന്നും അവരുമായി ചർച്ച ചെയ്യാതെ പ്രസ്താവന ഇറക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

" ഞങ്ങൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും മറ്റുള്ളവരും ഒരുമിച്ച് ഇരുന്നു ചർച്ച ചെയ്തു.എന്നാൽ നമ്മുടെ മഹായുതിയിലെ മറ്റ് പാര്‍ട്ടികള്‍ ഇന്നലെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുമായി ഒരു ചർച്ചയും നടത്താതെ പ്രസ്താവന ഇറക്കിയത് ശരിയല്ലെന്ന് തോന്നി.അതിനാൽ, ഞങ്ങൾ അവരുമായി ചർച്ച ചെയ്ത് ഞങ്ങളുടെ തീരുമാനം അറിയിക്കും'' അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 225 മുതല്‍ 250 വരെ സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് രാജ് താക്കറെ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്ത് വിലകൊടുത്തും തന്‍റെ പാര്‍ട്ടിയെ അധികാരത്തിലേറ്റുമെന്നും രാജ് താക്കറെ പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞു. തൻ്റെ പാർട്ടിയിൽ നിന്ന് വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി ഓരോ മണ്ഡലത്തിലും അഞ്ച് നേതാക്കളുടെ ടീമിനെ രാജ് താക്കറെ നിയോഗിച്ചിട്ടുണ്ട്.

അതേസസമയം മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞു. പാർട്ടികൾ തമ്മിൽ സീറ്റ് വിഭജനത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ മഹാരാഷ്ട്ര സർക്കാരിനെ ജനാധിപത്യ രീതിയിൽ അധികാരത്തിൽ നിന്ന് പുറത്താക്കണം,” റാവത്ത് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News