പാകിസ്താന് വേണ്ടി ചാരവൃത്തി; രാജസ്ഥാനിൽ 31കാരൻ പിടിയിൽ
സോഷ്യൽമീഡിയ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നും ഇതിനായി പണം വാങ്ങിയിരുന്നെന്നും ഡിജിപി പറഞ്ഞു.
ജയ്പൂർ: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിവന്നിരുന്ന 31കാരൻ അറസ്റ്റിൽ. ഡൽഹിയിലെ സേനാ ഭവനിലെ ജീവനക്കാരനായ രാജസ്ഥാൻ കരൗലി ജില്ലയിലെ സപോതാര സ്വദേശിയായ രവി പ്രകാശ് മീണയാണ് പിടിയിലായത്.
പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐ.എസ്.ഐയ്ക്കാണ് ഇയാൾ ഇന്ത്യൻ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയത്. ഇവരുടെ ഏജന്റായ വനിതയ്ക്കാണ് ഇയാൾ ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യാത്മകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയിരുന്നതെന്ന് രാജസ്ഥാൻ ഡി.ജി.പി (ഇന്റലിജൻസ്) ഉമേഷ് മിശ്ര പറഞ്ഞു.
സോഷ്യൽമീഡിയ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയിരുന്നതെന്നും ഇതിനായി പണം വാങ്ങിയിരുന്നെന്നും ഡിജിപി പറഞ്ഞു. അഞ്ജലി തിവാരിയെന്ന സ്ത്രീക്കാണ് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയിരുന്നത്. പശ്ചിമബംഗാളിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയാണെന്നാണ് ഇവർ പറഞ്ഞിരുന്നത്.
രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യലിനും സാങ്കേതിക തെളിവുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും പരിശോധിച്ചതിനും ശേഷമാണ് മീണയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.