ഇഡിയുടെ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ റാണ അയ്യൂബ് ഡൽഹി ഹൈക്കോടതിയിലേക്ക്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
വിദേശയാത്ര തടഞ്ഞ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ മാധ്യമപ്രവർത്തക റാണ അയ്യൂബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ലണ്ടനിലും ഇറ്റിലിയിലുമായി നേരത്തെ ഏറ്റെടുത്ത ജോലികളുണ്ടെന്നും അതിനാല്‍ വിഷയം നേരത്തെ പരിഗണിക്കണമെന്നും റാണ അയ്യൂബിന്റെ അഭിഭാഷകര്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞത്. ലണ്ടനിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞതെന്ന് റാണ അയ്യൂബ് ട്വീറ്റ് ചെയ്തിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. യാത്രാ വിവരം ആഴ്ചകള്‍ക്ക് മുൻപ് തന്നെ അറിയിച്ചിരുന്നു. ഏപ്രിൽ ഒന്നിന് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
എന്നാല്‍ യാത്ര തടഞ്ഞതിനു ശേഷം മാത്രമാണ് ഇഡി സമൻസ് നൽകിയതെന്നും റാണ അയ്യൂബ് ആരോപിച്ചു. ഉത്തർപ്രദേശ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ, സന്നദ്ധസേവന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച പണം വകമാറ്റൽ തുടങ്ങിയ നിയമ ലംഘനങ്ങളെത്തുടർന്ന് ഇഡി റാണ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ചിരുന്നു. റാണാ അയ്യൂബിന്റേയും കുടുംബത്തിന്റേയും പേരിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. സെപ്റ്റംബറിൽ ഉത്തർപ്രദേശ് ഗാസിയാബാദ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് എഫ്ഐആർ ഫയൽ ചെയ്തിരുന്നു.
Journalist Rana Ayyub moves Delhi High Court against ED's travel restrictions