രാഷ്ട്രപതിക്കെതിരായ സോണിയ ഗാന്ധിയുടെ പരാമർശം ദൗർഭാഗ്യകരം, അന്തസിനെ വ്രണപ്പെടുത്തി: രാഷ്ട്രപതിഭവൻ
നയപ്രഖ്യാപന പ്രസംഗം വായിച്ചുതീര്‍ന്നപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നെന്ന സോണിയ ഗാന്ധിയുടെ പരാമർശത്തോടായിരുന്നു പ്രതികരണം


ന്യൂ ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ സോണിയ ഗാന്ധിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് രാഷ്ട്രപതി ഭവൻ. പരാമർശം രാഷ്ട്രപതിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണ്. സമൂഹത്തിനുവേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ലെന്നും രാഷ്ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം വായിച്ചുതീര്‍ന്നപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നെന്ന സോണിയ ഗാന്ധിയുടെ പരാമർശത്തോടായിരുന്നു പ്രതികരണം. പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്‌ട്രപതി ക്ഷീണിതയായി. സംസാരിക്കാൻ പോലും പ്രയാസം അനുഭവപ്പെടുന്നു, പാവം എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.
"നയപ്രഖ്യാപന പ്രസംഗം വായിച്ച് രാഷ്ട്രപതി ക്ഷീണിതയായിട്ടില്ല. വാസ്തവത്തില്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സംസാരിക്കുമ്പോള്‍ രാഷ്ട്രപതി ഒരിക്കലും ക്ഷീണിതയാകില്ല. സോണിയ ഗാന്ധിയുടെ പരാമര്‍ശം അഗീകരിക്കാനാകില്ല. പ്രസ്താവന നിര്‍ഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നു,"രാഷ്ട്രപതി ഭവന്റെ പ്രസ്താവനയിൽ പറയുന്നു.
നേരത്തെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കം സോണിയയുടെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.. പാവങ്ങളോടും ആദിവാസി വിഭാഗങ്ങളോടും ഉള്ള നിഷേധമനോഭാവത്തിന്റെ ഭാഗമാണ് പ്രസ്താവന എന്നായിരുന്നു ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വിമർശനം. സോണിയയുടെ പരാമർശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതും ഫ്യൂഡൽ മനോഭാവം വ്യക്തമാക്കുന്നതുമാണെന്നും ബിജെപി വിമർശിച്ചു. സോണിയ ഗാന്ധി 10 കോടി ആദിവാസി ജനതയെ അപമാനിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. എന്നാൽ സോണിയയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന് മകളും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു.