പ്രസിഡന്‍റായാല്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കും: യശ്വന്ത് സിന്‍ഹ
ഒരു റബ്ബര്‍ സ്റ്റാമ്പിനെയല്ല രാഷ്ട്രപതി ഭവനില്‍ ആവശ്യമെന്ന് യശ്വന്ത് സിന്‍ഹ
ഡല്‍ഹി: ജൂലൈ 18ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യക്തിപരമായ മത്സരമല്ലെന്നും സർക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതയെ ചെറുക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും യശ്വന്ത് സിൻഹ. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാൽ, രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ഉപകരണമായി സർക്കാർ ഏജൻസികളെ "ദുരുപയോഗം" ചെയ്യുന്നത് അവസാനിപ്പിക്കും. നീതിയും ന്യായവും നിലനിൽക്കുമെന്ന് ഉറപ്പാക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ സംയുക്ത പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് യശ്വന്ത് സിന്‍ഹ.
ഒരു റബ്ബര്‍ സ്റ്റാമ്പിനെയല്ല രാഷ്ട്രപതി ഭവനില്‍ ആവശ്യമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ജനങ്ങൾ ഉണർന്ന് മുഴുവൻ സംവിധാനവും പരിഷ്കരിച്ചില്ലെങ്കിൽ തുരങ്കത്തിന്‍റെ അറ്റത്ത് നമുക്ക് വെളിച്ചം കാണാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു-
"നമ്മുടെ ജനാധിപത്യവും നമ്മുടെ ഭരണഘടനയും ഭീഷണിയിലാണ്. സ്വാതന്ത്ര്യ സമരത്തിന്‍റെ എല്ലാ മൂല്യങ്ങളും ഭീഷണിയിലാണ്. അതിനാൽ ഇന്ത്യ ഭീഷണിയിലാണ്. ഇന്ന് നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയം ബലഹീനതകളാൽ വലയുകയാണ്. ആളുകൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്നു. ജനാധിപത്യത്തിൽ അങ്ങനെയല്ല കാര്യങ്ങൾ സംഭവിക്കേണ്ടത്."
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ, ഗോത്രവർഗ നേതാവായ ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്തതിനെ കുറിച്ച് മുൻ കേന്ദ്രമന്ത്രി പറഞ്ഞതിങ്ങനെ- 'ഒരു വ്യക്തിയെ ഉയർത്തിക്കാട്ടുന്നത് മുഴുവൻ സമൂഹത്തിന്‍റെയും ഉയർച്ച ഉറപ്പാക്കുന്നില്ല. സമൂഹത്തിന്റെ മുഴുവൻ ഉയർച്ചയും സർക്കാർ പിന്തുടരുന്ന നയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു സമൂഹത്തിലെ ഒരു വ്യക്തിയുടെ ഉയർച്ച ആ സമൂഹത്തെ ഒരിഞ്ച് പോലും ഉയർത്താൻ സഹായിച്ചിട്ടില്ലെന്നതിന് നമ്മുടെ ചരിത്രത്തിൽ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്'.
ബി.ജെ.പി എം.പിയായ തന്റെ മകൻ ജയന്ത് സിൻഹയുടെ പിന്തുണ ലഭിക്കാത്തതില്‍ തനിക്ക് സങ്കടമില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു- "അവൻ രാജ ധർമം പിന്തുടരുന്നു, ഞാൻ എന്‍റെ രാഷ്ട്രധർമം പിന്തുടരും"
ഈ തിങ്കളാഴ്ചയാണ് യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിക്കുക. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സീതാറാം യെച്ചൂരി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ അദ്ദേഹത്തെ അനുഗമിക്കും.