ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 1000 ജീവനക്കാരെ കൂടി പുറത്താക്കിയേക്കും
പിരിച്ചുവിടൽ വാർത്തയോട് ബൈജൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല
മുംബൈ: എജ്യുക്കേഷണൽ ടെക്‌നോളജി കമ്പനിയായ ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നു. ടെക്‌നോളജി-ബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോൺടക്‌സ്റ്റ് ഡോട് കോം ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. 2022 ഒക്ടോബറിൽ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി ബൈജൂസ് ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
സെയിൽസ് വിഭഗത്തിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവരെക്കൂടാതെ 150 മാർക്കറ്റിങ് മാനേജർമാർക്കും ജോലി നഷ്ടമാകും. പിരിച്ചുവിടുന്നവർക്ക് രണ്ടുമാസത്തെ സാലറി നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സമ്പത്തിക നഷ്ടം നേരിടുന്നതാണ് കമ്പനി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ കാരണമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പിരിച്ചുവിടൽ വാർത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.എസിലെ ബാങ്കുകള്‍ക്ക് ബൈജൂസ് നാല് ഡോളർ നൽകുന്നതിൽ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയാണ്. 2021ലാണ് ബൈജൂസ് ദേശീയ വിപണിയിൽ നിന്ന് 1200 കോടി ഡോളർ വായ്പ എടുത്തിരുന്നു. ജൂൺ അഞ്ചിന് പലിശയിനത്തിൽ നൽകേണ്ട നാല് കോടി രൂപ നൽകാൻ ബൈജൂസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പലിശ തിരിച്ചിനൽകുന്നതിന് പകരം വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ബൈജുസ് കേസ് നൽകുകയായിരുന്നു.
ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ ഭീമനായ ബൈജൂസിന്റെ മൂല്യം അമേരിക്കൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്‌മെൻറ് കമ്പനിയായ ബ്ലാക്ക് റോക്ക് കുറച്ചിരുന്നു. മൂല്യം മുമ്പുണ്ടായിരുന്നതിൽനിന്ന് ഏകദേശം 50 ശതമാനം കുറച്ച് 11.5 ബില്യൺ ഡോളറാക്കുകയായിരുന്നു. ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസിന് 2022-ൽ അവസാനമായി വിലയിട്ടത് 22 ബില്യൺ ഡോളറായിരുന്നു. ഇതിൽനിന്ന് കുത്തനെ ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്നാണ് ടെക് മീഡിയ പ്ലാറ്റ്ഫോമായ ദി ആർക്ക് ആക്സസ് പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മെറ്റ, കഴിഞ്ഞ 6 മാസത്തിനിടെ മൂന്ന് തവണ പിരിച്ചുവിടലുകൾ നടത്തിയിരുന്നു. ഇതുവരെ 21,000 ജീവനക്കാരെയാണ് മെറ്റ് പിരിച്ചുവിട്ടത്. മറ്റൊരു പ്രമുഖ ടെക് കമ്പനിയാണ് ആമസോൺ 27,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ് അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓൺലൈൻ ട്യൂഷൻ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളർച്ചയ്ക്ക് തടസ്സമായി. രണ്ടു വർഷത്തിനിടെ മാത്രം ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.