'എന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചു': നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രേണുക ചൗധരി
നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ സഹിതമാണ് രേണുക ചൗധരിയുടെ ട്വീറ്റ്.
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. ട്വീറ്റിലാണ് രേണുക ചൗധരി ഇക്കാര്യം അറിയിച്ചത്.
2018ലാണ് സംഭവം. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ നരേന്ദ്ര മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചെന്ന് രേണുക ചൗധരി ആരോപിച്ചു- "ഞാൻ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നമുക്ക് നോക്കാം". നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ വീഡിയോ സഹിതമാണ് രേണുക ചൗധരിയുടെ ട്വീറ്റ്.
പാര്‍ലമെന്‍റില്‍ രേണുക ചൗധരി ഉറക്കെ ചിരിച്ചപ്പോള്‍ "രേണുകജിയെ ഒന്നും പറയരുത്. രാമായണം പരമ്പരയ്ക്ക് ശേഷം ഇത്തരത്തിലുള്ള ചിരി നമുക്ക് കേൾക്കാൻ കഴിഞ്ഞു" എന്നാണ് മോദി പറഞ്ഞത്. മോദി ഉദ്ദേശിച്ചത് ശൂർപ്പണഖയെ ആണെന്നാണ് രേണുക ചൌധരിയുടെ ആരോപണം.
മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചതിനു പിന്നാലെയാണ് രേണുക ചൌധരിയുടെ പ്രതികരണം. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാനനഷ്ടക്കേസിന് ആധാരം- "ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.." എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
മോദിയെന്ന പേരിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി. ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന സുപ്രിംകോടതിയുടെ താക്കീത് രാഹുൽ ഗാന്ധി കണക്കിലെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. എംപി പറയുമ്പോൾ ജനങ്ങളിൽ കൂടുതൽ സ്വാധീനം ഉണ്ടാകുമെന്നതിനാൽ കുറ്റത്തിന്റെ ഗൗരവം കൂടും. കുറഞ്ഞ ശിക്ഷ നൽകിയാൽ അത് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും വിധി പ്രസ്താവത്തിലുണ്ട്. 15,000 രൂപ കെട്ടിവെച്ച രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീൽ സമർപ്പിക്കാൻ 30 ദിവസത്തെ സാവകാശവും നൽകി. വിധിപ്രസ്താവം കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു.
ആരേയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും അഴിമതി തുറന്നുകാണിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും രാഹുൽ കോടതിയെ അറിയിച്ചു. വിധിക്കെതിരെ രാഹുൽ അപ്പീൽ നൽകും. സത്യമാണ് മതമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ വിധി വന്നതിന് പിന്നാലെ രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം.