ബീഹാറിൽ എൻഡിഎയിൽ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആർഎൽജെപി
എൻഡിഎയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുൻ കേന്ദ്ര മന്ത്രി പശുപതി കുമാർ പറാസ് അറിയിച്ചു


പട്ന: വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർഎൽജെപി). 2014 മുതൽ എൻഡിഎയുടെ ഭാഗമായിരുന്ന താൻ എൻഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വേർപ്പെടുത്തിയതായി പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ പശുപതി കുമാർ പറാസ് അറിയിച്ചു. പട്നയിൽ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്കിടയിലാടിയിരുന്നു പറാസിന്റെ പ്രഖ്യാപനം.
‘എൻഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വേർപ്പെടുത്തിയ ആർഎൽജെപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. സംസ്ഥാനത്തെ 243 സീറ്റുകളിലും പാർട്ടി മത്സരിക്കും’ -പറാസ് പറഞ്ഞു. നിതീഷ് കുമാർ സർക്കാരിനെ ജനങ്ങൾക്ക് മടുത്ത് തുടങ്ങിയെന്നും വരും തെരഞ്ഞെടുപ്പിൽ ആർഎൽജെപി ബീഹാർ രാഷ്ട്രീയത്തിലെ പ്രധാന ശക്തികളാവുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഔറങ്കാബാദിലും റോഹ്താസിലും നടന്ന സംഭവങ്ങളിൽ സംസ്ഥാന സർക്കാർ പാലിച്ച മൗനം ഭയാനകവും ദലിത് വിരുദ്ധവുമാണെന്നും പറാസ് കുറ്റപ്പെടുത്തി. ‘ഔറങ്കാബാദിൽ ഹോളി ആഘോഷത്തിനിടെ കോമൾ പാസ്വാൻ എന്ന ദലിത് വിദ്യാർത്ഥിനി ബൈക്കിടിച്ച് മരണപ്പെട്ടിരുന്നു. ഇതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ലോക് ജനശക്തി പാർട്ടി (റം വിലാസ്) നേതാവിന്റെ മകനെതിരെ യാതൊരു നടപടിക്കും സർക്കാർ മുതിർന്നിരുന്നില്ല. റോഹ്താസിൽ രഞ്ജിത്ത് പസ്വാനെ വെടിവെച്ച് കൊലപ്പെടുത്തിയ പൊലീസുകാരനെതിരെയും സർക്കാർ നടപടി സ്വീകരിക്കാൻ ഒരുക്കമായിട്ടില്ല’ -പറാസ് പറഞ്ഞു.
പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന റാം വിലാസ് പാസ്വാനെ 'രണ്ടാം അംബേദ്ക്കർ' എന്ന് വിശേഷിപ്പിച്ച പറാസ്, ദലിത് വിമോചന പോരാട്ടങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് മരണാന്തര ബഹുമതിയായി ഭാരത് രത്ന സമ്മാനിക്കണമെന്നനും ആവശ്യപ്പെട്ടു.