അസംഘടിത തൊഴിലാളികൾക്കായി അനുവദിച്ചത് 425 കോടി രൂപ; ഒരു രൂപപോലും ചെലവഴിക്കാതെ യുപി സര്‍ക്കാര്‍

കേന്ദ്ര സർക്കാരിന്റെ ഇ-ശ്രാം പോർട്ടൽ പ്രകാരം ഏകദേശം 8 കോടി 38 ലക്ഷം തൊഴിലാളികൾ ഉത്തർപ്രദേശിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

Update: 2025-04-15 05:19 GMT
Editor : Lissy P | By : Web Desk
അസംഘടിത തൊഴിലാളികൾക്കായി അനുവദിച്ചത് 425 കോടി രൂപ; ഒരു രൂപപോലും ചെലവഴിക്കാതെ യുപി സര്‍ക്കാര്‍
AddThis Website Tools
Advertising

അലഹബാദ്: അസംഘടിത മേഖലയിലെ 45 ദശലക്ഷത്തിലധികം തൊഴിലാളികൾക്കായി ഒന്നും ചെയ്യാതെ ഉത്തർപ്രദേശ് സർക്കാർ.സമഗ്ര വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ് യോഗി ആദിത്യനാഥ് ഭരണകൂടം കഴിഞ്ഞ നാല് വർഷത്തിനിടെ ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ഒരു ഫണ്ടുപോലും ചെലവഴിച്ചിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്തുവരുന്നത്.

 യുപി സർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി നടപ്പിലാക്കിയ ക്ഷേമപ്രവർത്തങ്ങളെക്കുറിച്ച് 'ദി വയർ ഹിന്ദി' നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ ഈ മേഖലയിലെ തൊഴിലാളികൾക്കായി ബജറ്റിൽ എത്ര തുക മാറ്റിവെച്ചെന്നും ഇതിൽ എത്ര തുക ചെലവഴിച്ചെന്നുമായിരുന്നു വിവരാവകാശ പ്രകാരം ചോദിച്ചത്.

ആദ്യത്തെ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ വിവിധ പദ്ധതികൾക്കായി 'പ്രതിവർഷം 112 കോടി രൂപയും 2024-25 വർഷത്തേക്ക് 92 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ ബോർഡ് മറുപടി നൽകി. എന്നാൽ യാതൊരു പദ്ധതിയും നടപ്പാക്കാത്തതിനാൽ ഈ ഫണ്ടുകൾ വിനിയോഗിക്കപ്പെട്ടിട്ടില്ല. ഇതിന് പുറമെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുള്ള പദ്ധതികളുടെ പ്രചാരണത്തിനായി2021-22 സാമ്പത്തിക വർഷത്തിൽ 5 ലക്ഷം രൂപ വീതവും 2022-23, 2023-24, 2024-25 വർഷങ്ങളിൽ ഓരോന്നിനും 7,80,000 രൂപ വീതവും നീക്കിവെച്ചിരുന്നു.എന്നാൽ പദ്ധതികളൊന്നും നടപ്പിലാക്കാത്തതിനാൽ ഈ ഫണ്ടും ചെലവഴിച്ചിട്ടില്ലെന്നും ആർടിഐ മറുപടിയിൽ പറയുന്നു.

ഈ സാമ്പത്തിക വർഷങ്ങളിൽ അസംഘടിത മേഖലയിലെ തൊഴിലാളികളിൽ നിന്ന് തൊഴിൽ വകുപ്പിന് യാതൊരു സാമ്പത്തിക സഹായ അപേക്ഷകളും ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഇ-ശ്രാം പോർട്ടൽ പ്രകാരം, രാജ്യത്ത് 30.68 കോടിയിലധികം അസംഘടിത മേഖലയിലെ തൊഴിലാളികളുണ്ട്. ഇതിൽ പകുതിയിലധികവും സ്ത്രീകളാണ്. അവരിൽ ഏകദേശം 8 കോടി 38 ലക്ഷം തൊഴിലാളികൾ ഉത്തർപ്രദേശിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് മൊത്തം തൊഴിലാളികളുടെ 27.5 ശതമാനമായി വരും. ഇത്രയുമധികം തൊഴിലാളികളുണ്ടായിട്ടും അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ഒരു കാര്യവും യോഗി ഭരണകൂടം ചെയ്തിട്ടില്ലെന്ന് വിവാരാവകാശ രേഖയിലൂടെ ലഭിച്ച മറുപടിയിൽ വ്യക്തമാണെന്നും 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു.

കരാർ തൊഴിലാളികളെ പീഡിപ്പിക്കുന്നതും യുപിയിൽ വ്യാപകമാണ്. തൊഴിലാളികളുടെ എണ്ണം കൂടുതലുള്ളിനാൽ വേതനം കുറക്കുന്ന രീതിയാണ് യുപിയിലുള്ളത്. ഈ സാഹചര്യത്തിലും കഴിഞ്ഞ നാലുവർഷത്തിനിടെ ഈ തൊഴിലാളികൾ നിന്ന് സാമ്പത്തിക സഹായത്തിനുള്ള ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു.

2022 സെപ്റ്റംബറിൽ അവിദഗ്ധ തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ ദിവസ വേതനം 367 രൂപയും, അർദ്ധ വിദഗ്ദ്ധ തൊഴിലാളികൾക്ക് 403 രൂപയും, വിദഗ്ദ്ധ തൊഴിലാളികൾക്ക് 452 രൂപയുമായിരുന്നുവെന്ന് കണക്കുകൾ പറയുന്നു.  നിരക്കുകൾ യഥാക്രമം 412 രൂപ, 463 രൂപ, 503 രൂപ എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ദൈനംദിന ചെലവുകൾക്ക് ദിനംപ്രതി ഏറുന്ന സാഹചര്യത്തിൽ വേതന വർധനവ് അപര്യാപ്തമാണ്.

കടുത്ത പ്രതിസന്ധിയിൽ സ്ത്രീ തൊഴിലാളികള്‍

ഇന്ത്യയിലുടനീളം, അസംഘടിത മേഖലയിലെ തൊഴിലാളികളിൽ 53ശതമാനത്തിലധികം സ്ത്രീകളാണ്, ഉത്തർപ്രദേശിൽ ഏകദേശം നാല് കോടി സ്ത്രീകളാണ് അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. കൃഷി, നിർമ്മാണം, ഗാർഹിക സേവനങ്ങൾ എന്നീ മേഖലയിലാണ് സ്ത്രീകൾ കൂടുതലായും ജോലി ചെയ്യുന്നത്.

യുപിയിൽ കാർഷിക മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് ശരാശരി 200 രൂപയാണ് ദിവസ വേതനമായി ലഭിക്കുന്നത്. പ്രതിമാസം 6,000 മുതൽ 8,000 രൂപ വരെയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്.

എന്നാൽ ഇതേ മേഖലയിലെ പുരുഷന്മാരുടെ ശരാശരി പ്രതിമാസ വരുമാനം ഏകദേശം 10,000 മുതൽ 11,000 രൂപ വരെയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും ദലിത്, ഗോത്ര, മറ്റ് അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവരാണ്.എന്നിട്ടും ഇവർക്കായി മിനിമം വേതനം പോലും ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുന്നില്ല. 

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഫണ്ട് ചെലവഴിക്കാത്തതിനെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു യുപി തൊഴിൽ മനോഹർ ലാലിന്റെ മറുപടിയെന്നും 'ദി വയർ ഹിന്ദി' റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന വക്താവ് രാകേഷ് ത്രിപാഠിയുടെ മറുപടി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News