ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജം​ഗ് ഉൾപ്പെടെ പ്രമുഖ മുസ്‌ലിം ഉന്നതരുമായി കൂടിക്കാഴ്ച നടത്തി ആർ.എസ്.എസ് മേധാവി; ചർച്ചയായി ജനസംഖ്യാ നിയന്ത്രണവും

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷിയും യോ​ഗത്തിൽ പങ്കെടുത്തു.

Update: 2022-09-20 16:32 GMT
Advertising

ന്യൂഡൽഹി: ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജം​ഗ് ഉൾപ്പെടെ പ്രമുഖ മുസ്‌ലിം ഉന്നതരുമായി കൂടിക്കാഴ്ച നടത്തി ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. ഡൽഹിയിലെ ഝൻദെവാലനിലെ കേശവ് കുഞ്ചിലുള്ള ആർ.എസ്.എസ് ആസ്ഥാനത്തായിരുന്നു രഹസ്യ കൂടിക്കാഴ്ചയെന്ന് ദ കിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈഷി, അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സമീറുദ്ദീൻ ഷാ, രാഷ്ട്രീയ ലോക്ദൾ ദേശീയ വൈസ് പ്രസിഡന്റ് ഷാഹിദ് സിദ്ദീഖി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

ഒരു മണിക്കൂറിലേറെ നീണ്ട യോഗത്തിൽ ​ഗ്യാൻവാപി തർക്കം, വിദ്വേഷ കുറ്റകൃത്യങ്ങൾ, ജനസംഖ്യാ നിയന്ത്രണം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംഘാം​ഗ‌ങ്ങളിലൊരാൾ പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ തങ്ങൾ ഉന്നയിച്ചതായും മുസ്‌ലിംകളുമായുള്ള ആർഎസ്‌എസിന്റെ പ്രശ്‌നങ്ങൾ എന്താണെന്ന് അവരോട് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

"രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. അതിനാലാണ് ഞങ്ങൾ ഈ യോഗത്തിന് പോയത്"- അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത മറ്റൊരു വ്യക്തിയുടെ അഭിപ്രായത്തിൽ, മോഹൻ ഭാഗവതും വിവിധ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു.

എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം നോക്കുന്നത്? എന്ന തന്റെ മുൻ പരാമർശം ആർഎസ്എസ് മേധാവി മുസ്‌ലിം സംഘത്തെ ഓർമിപ്പിച്ചു. തങ്ങളും ആർഎസ്എസും തമ്മിലുള്ള ഭിന്നത ഇല്ലാതാക്കാൻ മുസ്‌ലിംകൾ ഈ അഭിപ്രായത്തിന്മേൽ മുന്നോട്ടു പോവേണ്ടതായിരുന്നുവെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

യോഗത്തിൽ, ഇതൊരു മഞ്ഞുരുക്കം ആണെന്നും മുസ്‌ലിം ബുദ്ധിജീവികളുമായി ഒരു വലിയ കൂടിക്കാഴ്ച പിന്നീട് സംഘടിപ്പിക്കുമെന്നും ആർ.എസ്.എസ് പക്ഷം വ്യക്തമാക്കിയതായും വിഷയത്തിൽ ഇരുപക്ഷത്തുനിന്നുള്ള നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും പേരു വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത രണ്ട് പേർ മാത്രമാണ് പ്രതികരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News