പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കണമെന്ന് സമാജ്‌വാദി പാർട്ടി എം.പി; പകരം ഭരണഘടന സ്ഥാപിക്കണം

എസ്പി എം.പിയെ പിന്തുണച്ച് കോൺ​ഗ്രസും ആർജെഡിയും രം​ഗത്തെത്തി.

Update: 2024-06-27 07:13 GMT
Samajwadi Party MP Wants Constitution To Replace Sengol in Parliament
AddThis Website Tools
Advertising

ന്യൂഡൽഹി: പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കം ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി. ചെങ്കോൽ രാജഭരണത്തിന്റെ ചിഹ്നമാണെന്നും ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും എസ്പി എം.പി ആർ.കെ ചൗധരി പറഞ്ഞു. ചെങ്കോലിന് പകരം അവിടെ ഭരണഘടന സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. 

'ഭരണഘടനാ അംഗീകാരത്തിലൂടെ രാജ്യത്ത് ജനാധിപത്യത്തിന് തുടക്കമായി. ഭരണഘടനയാണ് ആ ജനാധിപത്യത്തിന്റെ പ്രതീകം. എന്നാൽ കഴിഞ്ഞ ബിജെപി സർക്കാർ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോൽ സ്ഥാപിച്ചു. രാജഭരണത്തിൽ നിന്നും നമ്മൾ സ്വതന്ത്രരായിക്കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ജനാധിപത്യം സംരക്ഷിക്കാൻ ചെങ്കോൽ മാറ്റി ഭരണഘടന അവിടെ വയ്ക്കണം'- മുൻ ഉത്തർപ്രദേശ് മന്ത്രി കൂടിയായ മോഹൻലാൽ​ഗഞ്ച് എം.പി വിശദമാക്കി.

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ബി മാണിക്കം ടാഗോറും ചെങ്കോൽ വിഷയത്തിൽ സമാജ്‌വാദി പാർട്ടി എം.പിയെ പിന്തുണച്ചു. 'ചെങ്കോൽ രാജഭരണത്തിന്റെ പ്രതീകമാണെന്നും അക്കാലം അവസാനിച്ചെന്നും ഞങ്ങൾ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജനകീയ ജനാധിപത്യത്തെയും ഭരണഘടനയെയും നമ്മൾ ആഘോഷിക്കണം'- അദ്ദേഹം പറഞ്ഞു. ചൗധരിയുടെ ആവശ്യത്തെ ആർജെഡി എം.പിയും ലാലു പ്രസാദ് യാദവിൻ്റെ മകളുമായ മിസ ഭാരതിയും പിന്തുണച്ചു. ആര് ഇത് ആവശ്യപ്പെട്ടാലും താൻ അതിനെ സ്വാഗതം ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

അതേസമയം, ചെങ്കോൽ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ബിജെപി രം​ഗത്തെത്തി. 'നേരത്തെ രാമചരിതമാനസിനെ ആക്രമിച്ച സമാജ്‌വാദി പാർട്ടി ഇപ്പോൾ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിൻ്റേയും ഭാഗമായ ചെങ്കോലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ചെങ്കോലിനെ അവഹേളിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ഡിഎംകെ വ്യക്തമാക്കണം'- ബിജെപി പ്രതികരിച്ചു.

2023 മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതിനു പിന്നാലെയായിരുന്നു ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ അദ്ദേഹം ചെങ്കോല്‍ സ്ഥാപിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് വിശേഷിച്ചായിരുന്നു നടപടി. രാജഭരണത്തിന്റെ പ്രതീകമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചതിനെതിരെ പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. എന്നാൽ, നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണെന്നായിരുന്നു ചെങ്കോലിനെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News