ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന് ആരോപിച്ച് സംഭലിലെ മസ്‍ജിദ് ഇമാമിനെതിരെ 2 ലക്ഷം പിഴ ചുമത്തി യുപി പൊലീസ്

ശബ്ദമലിനീകരണത്തിനെതിരായ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണു പിഴ ചുമത്തിയതെന്ന് സംഭൽ എസ്‍ഡിഎം

Update: 2024-12-14 02:46 GMT
Editor : Shaheer | By : Web Desk
Sambhal Mosque Imam fined Rs 2 Lakh for allegedly loudspeaker noise violation, Kot Garvi Anar Wali Masjid,
AddThis Website Tools
Advertising

ലഖ്‌നൗ: നാലുപേരുടെ ജീവനെടുത്ത സംഘർഷത്തിനു പിന്നാലെ സംഭലിലെ മറ്റൊരു മസ്‍ജിദിലെ ഇമാമിനെതിരെ നടപടിയുമായി യുപി പൊലീസ്. ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിനെതിരെ രണ്ടു ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ്. സർവേ നടപടികൾ നടന്ന ശാഹി മസ്‍ജിദിന് സമീപത്തുള്ള കോട്ട് ഗാർവിയിലെ അനാർ വാലി മസ്‍ജിദിലാണു സംഭവം.

വെള്ളിയാഴ്ചത്തെ ജുമുഅ പ്രാർഥനയ്ക്കിടെ ഉച്ചഭാഷിണി ഉപയോഗിച്ചതിനാണ് ഇമാമായ തഹ്‌സീബിനെതിരെ(23) പൊലീസ് നടപടി. ശബ്ദമലിനീകരണത്തിനെതിരായ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണു പിഴ ചുമത്തിയതെന്ന് സംഭൽ എസ്‍ഡിഎം വന്ദന മിശ്ര പറഞ്ഞു. മുൻകരുതൽ നടപടികളുടെ ഭാഗമായാണു പിഴ ചുമത്തിയത്. ഇമാമിനെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെന്നും എസ്‍ഡിഎം അറിയിച്ചു. അടുത്ത ആറുമാസം ഇത്തരം നടപടി ആവർത്തിക്കരുതെന്നും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, സംഭൽ ശാഹി മസ്‍ജിദ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികൾ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികൾക്ക് സുപ്രിംകോടതി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നവംബർ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സർവേ നടപടികളിൽ പ്രതിഷേധിച്ചാണു ജനം തെരുവിലിറങ്ങിയത്. പ്രാദേശിക കോടതിയുടെ ഉത്തരവ് പ്രകാരം നടന്ന ആദ്യ സർവേയ്ക്കു ശേഷമായിരുന്നു ഞായറാഴ്ച അപ്രതീക്ഷിതമായി വീണ്ടും ഉദ്യോഗസ്ഥ സംഘം പള്ളിയിലെത്തിയത്. ഒരു നോട്ടീസും നൽകാതെ സർവേ നടപടികൾ പൂർത്തിയാക്കിയെന്ന് മസ്‍ജിദ് കമ്മിറ്റി ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ പള്ളിയുടെ പരിസരത്ത് തടിച്ചുകൂടി. പിന്നാലെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Summary: Sambhal Mosque Imam fined Rs 2 Lakh for allegedly loudspeaker noise violation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News