സംഭലിലും അജ്മീറിലും മൗനം; സംഘപരിവാറിന്റെ ലക്ഷ്യമെന്ത്?
സംഭൽ ശാഹിയിലും അജ്മീറിലുമുൾപ്പടെ ഉയർത്തിയ വാദങ്ങൾ തിരിഞ്ഞുകൊത്തുമോ എന്ന പേടി സംഘപരിവാറിനുണ്ടെന്നാണ് റിപ്പോർട്ടുകൾ
സംഭൽ ശാഹി ജമാ മസ്ജിദിൽ ഹിന്ദുസേന ഉയർത്തിയ അവകാശവാദം ആറ് പേരുടെ കൊലപാതകത്തിൽ കലാശിച്ചത് രാജ്യത്തെ വർഗീയക്കൊലപാതകങ്ങളുടെ ഏറ്റവുമൊടുവിലെ ഉദ്ദാഹരണമായിരുന്നു. സംഭലിന് പിന്നാലെ അജ്മീറിലേക്കും ഡൽഹിയിലേക്കും ഹിന്ദുത്വവാദികളുടെ കൈകൾ നീണ്ടു. അജ്മീർ ദർഗയിലും ഡൽഹി ജമാ മസ്ജിദിലും കണ്ണുവച്ച് സംഘപരിവാർ നടത്തുന്ന നീക്കങ്ങൾ പക്ഷേ മന്ദഗതിയിലാകുന്നത് നന്നായൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലായേക്കും.
സംഭലിലെ ശാഹി മസ്ജിദിലും അജ്മീർ ദർഗയിലുമൊക്കെ അവകാശമുന്നയിച്ച് സമർപ്പിച്ചിരിക്കുന്ന ഹരജികളിൽ കാര്യമായ പ്രതികരണങ്ങൾക്ക് മുതിർന്നിട്ടില്ല സംഘപരിവാർ. ഇത് വിഷയത്തിൽ അവർക്കുള്ള താല്പര്യം നഷ്ടപ്പെടുകയാണെന്ന് വെറുതേയെങ്കിലും കരുതിയെങ്കിൽ തെറ്റി. വെറുതേ പോലും അങ്ങനൊരു നിഷ്‌കളങ്കത ഈ വിഷയത്തിൽ സംഘപരിവാറിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. മുസ്‌ലിം ചരിത്രം മായ്ച്ചുകളയുന്നതിൽ സംഘപരിവാർ കൂടുതൽ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുകയാണ് എന്ന് തന്നെയാണ് അതിനർഥം. സംഭലിലെയും അജ്മീറിലെയുമൊക്കെ മൗനം സംഘത്തിനകത്തെ അസ്വസ്ഥതയും അനിശ്ചിതത്വവും വ്യക്തമാക്കുന്നു എന്നും കരുതേണ്ടതുണ്ട്.
സംഭൽ ശാഹിയും അജ്മീർ ദർഗയുമുൾപ്പടെ ഇസ്ലാമിന്റെ ആരാധനാ കേന്ദ്രങ്ങൾ ഇനിയുമിനിയും വെട്ടിപ്പിടിക്കാനുണ്ടെന്ന വ്യക്തമായ ലക്ഷ്യമുണ്ട് സംഘപരിവാറിന്. ഇവയൊക്കെയും ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത് നിർമിച്ചതാണെന്ന വിശ്വാസം തന്നെയാണ് ഇതിനാധാരം. ബാബരി മസ്ജിദിന്റെ സ്ഥാനത്തുയർന്ന അയോധ്യക്ഷേത്രം ആ വിശ്വാസത്തിന്റെ വിജയവും. എന്നാൽ സംഭൽ ശാഹിയിലും അജ്മീറിലുമുൾപ്പടെ ഉയർത്തിയ വാദങ്ങൾ തിരിഞ്ഞുകൊത്തുമോ എന്ന പേടി സംഘപരിവാറിനുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരത്തിൽ ഒരുപാട് വാദങ്ങൾ ഉന്നയിക്കുന്നത്, കാശി മഥുര പോലെ നിലവിലുള്ള വാദങ്ങളെ ബാധിക്കുമോ എന്ന ആശങ്ക സംഘപരിവാറിനുള്ളതായി മുതിർന്ന ചില നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഭലിലെയും അജ്മീറിലെയും ഹരജികൾ പിൻവലിക്കാൻ പോലും പ്രവർത്തകർക്ക് ആർഎസ്എസ് നിർദേശം നൽകിയതായാണ് വിവരം.
രാമക്ഷേത്രവും കാശിയും മഥുരയുമാണ് സംഘപരിവാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന കേസുകൾ. ഇതിൽ രാമക്ഷേത്രം വിജയം കണ്ടെങ്കിലും കാശിയും മഥുരയും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. രാജ്യത്തുടനീളമുള്ള പള്ളികളിൽ അവകാശവാദമുന്നയിച്ചാൽ ഈ കേസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നാണ് സംഘത്തിന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് കാശിയിലെയും മഥുരയിലെയും അവകാശ വാദങ്ങളെന്ന തെറ്റിദ്ധാരണ കേസുകളെ ദോഷകരമായി ബാധിക്കുമെന്ന ഒരു സംഘപരിവാർ നേതാവിന്റെ നേതാവിന്റെ പ്രസ്താവനയും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖരായ ആർഎസ്എസ് നേതാക്കളൊന്നും തന്നെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ മൗനം പക്ഷേ വെറുതെ ഉണ്ടായതല്ല എന്ന് മനസ്സിലാക്കണം. 2022 ജൂണിൽ ഗ്യാൻവാപി മസ്ജിദിന് വേണ്ടി നടന്ന നിയമപോരാട്ടത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രസ്താവനയാണ് ഇതിനാധാരമായി കണക്കാക്കപ്പെടുന്നത്. അത് ഇങ്ങനെയാണ്:
"ഹിന്ദുക്കളൊരിക്കലും മുസ്‌ലിംകൾക്ക് എതിരല്ല. മുസ്ലിങ്ങളുടെ പൂർവികർ ഹിന്ദുക്കളായിരുന്നുവല്ലോ. ഹിന്ദുക്കളുടെ മനോവീര്യം തകർക്കാനാണ് ക്ഷേത്രങ്ങൾ പൊളിച്ചതെന്നാണ് കരുതപ്പെടുന്നത്. ഹിന്ദുക്കളിൽ ഒരുവിഭാഗത്തിന് ഈ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ ഓരോ ദിവസവും ഓരോ പുതിയ വിഷയം ഉയർത്തിക്കൊണ്ടുവന്ന് സമൂഹത്തെ തമ്മിലടിപ്പിക്കേണ്ട ആവശ്യമില്ല.
തലമുറകളായി ഹിന്ദുക്കളുയർത്തുന്ന വാദമാണ് ഗ്യാൻവാപിയിലേത്. പക്ഷേ എല്ലാ മസ്ജിദുകളിലും ശിവലിംഗം തിരയുന്ന പ്രവണത നല്ലതല്ല. ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളതാണെങ്കിലും മസ്ജിദുകളിൽ നടക്കുന്നതും പ്രാർഥനയാണ്. അവർക്കത് തുടരണം എന്നാണെങ്കിൽ ഞങ്ങൾക്കതിൽ പ്രശ്‌നമില്ല. ഒരു തരത്തിലുള്ള ആരാധനയ്ക്കും ഞങ്ങൾ എതിരുമല്ല".
ഈ പ്രസ്താവന സംഘടനയിലാകെ ചെറുതായെങ്കിലും സ്വാധീനം ചെലുത്തിയതായി മനസ്സിലാക്കാം. കമാൽ മൗലയിലും കുത്തബ് മിനാറിലും താജ് മഹലിലുമൊക്കെ വാദമുന്നയിക്കപ്പെട്ടെങ്കിലും സംഘപരിവാറിന്റേതായ ഇടപെടലുകൾ കാര്യമായി ഉണ്ടാകാഞ്ഞത് ഇതിന് ഉദാഹരണമാണ്.
ഇതിന്റെ തുടർച്ചയായി, സംഭലിലും അജ്മീറിലും ഒരു 'വെയിറ്റ് ആൻഡ് വാച്ച് പോളിസി' സംഘപരിവാർ സ്വീകരിച്ചതായാണ് മനസ്സിലാക്കാനാവുന്നത്. കോടതിയിൽ ഈ കേസുകൾ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്ന് കണ്ട് മാത്രം ഇടപെടലുകൾ നടത്താം എന്ന സമീപനം. സംഭലിലും അജ്മീറിലും സംഘം അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് മറ്റൊരു ആർഎസ്എസ് നേതാവ് ചൂണ്ടിക്കാട്ടുന്നതും. രണ്ട് വിഷയവും പ്രത്യേകം കൈകാര്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും ഭഗവതിന്റെ പരാമർശം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"എല്ലാ ശവകുടീരങ്ങളും കുഴിച്ച് തിരച്ചിൽ നടത്തുന്നതിൽ യാതൊരു അർഥവുമില്ല. പക്ഷേ ഈ വിഷയം ഓരോ കേസുകളായി തന്നെ പരിഗണിക്കണം. അടിസ്ഥാനമുള്ള വാദങ്ങളാണെങ്കിൽ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ വെച്ച് അതിന് വേണ്ട പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. വഖഫ് വിഷയം തന്നെ നോക്കുക. എല്ലാ സ്വത്തിലും അവകാശം ഉന്നയിക്കുകയാണവർ. സംഭലിൽ സമാധാനം സംരക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരായ ഹിന്ദു സമൂഹത്തെ നിയന്ത്രിക്കാൻ ഞങ്ങൾക്കാവില്ല. പക്ഷേ ഭഗവത് ജീയുടെ തീരുമാനമാവും ഞങ്ങൾക്ക് അവസാനവാക്ക്". അദ്ദേഹം പറയുന്നു.
കുപ്രസിദ്ധിക്ക് വേണ്ടിയും രാഷ്ട്രീയലാഭത്തിന് വേണ്ടിയും മനപ്പൂർവം വിഷയങ്ങളുണ്ടാക്കുന്നവർ തങ്ങൾക്കിടയിലുണ്ടെന്നും ചില സംഘപരിവാർ നേതാക്കൾ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
"ബിജെപി അധികാരത്തിലെത്തിയതോടെ സംഘപരിവാറിൽ നിന്നെന്ന് അവകാശപ്പെടുന്നവരുടെ എണ്ണം കൂടി. പ്രശസ്തിക്ക് വേണ്ടിയാണ് പലരും സംഘാംഗമെന്ന് പറയുന്നത്. അത് തങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് അവർ കരുതുന്നു. എന്നാൽ ആർഎസ്എസ് ആ രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള രാഷ്ട്രീയലാഭങ്ങൾ ഞങ്ങളുടെ ലക്ഷ്യമല്ല" - മറ്റൊരു നേതാവിന്റെ വാക്കുകൾ ഇതായിരുന്നു.
രാമക്ഷ്രേതത്തിന്റെ ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനം തിരിച്ചു പിടിക്കുക എന്നതായിരുന്നെന്നും രാമക്ഷേത്ര നിർമാണത്തിലൂടെ കാശി, മഥുര വിഷയങ്ങളിൽ ഒരു അനുകൂല സമീപനം അനുഭവപ്പെട്ടെന്നും മറ്റൊരു നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.