ഉദയ്പൂരിലെ വിദ്യാർഥിയുടെ മരണം: സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു.

Update: 2024-08-21 14:11 GMT
Advertising

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ഭട്ടിയാനി ചൗഹാട്ടയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇഷ ധർമാവതിനെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിലെ മുതിർന്ന അധ്യാപകൻ രാകേഷ് കുമാറിനെതിരെയും നടപടിയുണ്ടാവും. ഇയാൾക്കെതിരെ ഉദയ്പൂർ ഡിവിഷൻ ജോയിന്റ് ഡയറക്ടർ മഹേന്ദ്ര കുമാർ ജെയ്ൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ അരവിന്ദ് പോസ്കൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. കേസിൽ ഉത്തരവാദികളായവർക്കെതിരെ അദ്ദേഹം നടപടിക്ക് ശുപാർശ ചെയ്തതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു. വീഴ്ച വരുത്തിയ സ്കൂൾ ജീവനക്കാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും രം​ഗത്തെത്തി. വിഷയത്തിൽ ഡിവിഷനൽ കമ്മീഷണറും ജില്ലാ കലക്ടറും കൃത്യമായ അന്വേഷണമുണ്ടാകുമെന്ന് ഉറപ്പുനൽകി.

സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 15കാരൻ ദേവരാജ് കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയിരുന്നു. നോട്ട്ബുക്ക് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്. സംഭവം ഉദയ്പൂരിൽ വൻ സംഘർഷത്തിന് വഴിവയ്ക്കുകയും പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് തെരുവിലിറങ്ങിയ വിവിധ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കടകൾക്കും മാളുകൾക്കും നേരെ കല്ലെറിയുകയും തകർക്കുകയും ചെയ്തിരുന്നു. സംഘർഷം മൂർച്ഛിച്ചതോടെ ഉദയ്പൂർ ജില്ലാ ഭരണകൂടം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുകയും ചെയ്തിരുന്നു.

മരണത്തിനു പിന്നാലെ കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച കുടുംബം, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി 51 ലക്ഷം രൂപയും ഒരു കുടുംബാംഗത്തിന് കരാർ ജോലിയും നൽകാമെന്ന് അധികൃതർ അറിയിച്ചതോടെയാണ് ഇവർ വഴങ്ങിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയും കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്കരിക്കുകയുമായിരുന്നു.

ഈ മാസം 16നായിരുന്നു സ്‌കൂളിൽ വച്ച് ദേവരാജിന് കുത്തേറ്റത്. മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് കുട്ടി മരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്. കുത്തേറ്റ 15കാരൻ ചികിത്സയിലിരിക്കെ കുറ്റാരോപിതനായ കുട്ടി താമസിക്കുന്ന വാടകവീട് ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. താമസക്കാർ ആരെങ്കിലും കുറ്റം ചെയ്തതിന് തന്റെ പേരിലുള്ള വീടെന്തിനാണ് പൊളിക്കുന്നതെന്നും ഇത് അനീതിയാണെന്നും ചൂണ്ടിക്കാട്ടി വീട്ടുടമ രംഗത്തെത്തുകയും ചെയ്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News